ഷാര്‍ജ : അറബ്, ഇസ്ലാമിക സംസ്കാരത്തിന്റെ സഹായത്തോടെ ഭീകരവാദത്തെ പരാജയപ്പെടുത്താനുള്ള പോരാട്ടത്തിലാണ് യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ.സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി. സമാധാനപരമായ വിശ്വാസത്തിലൂടെയും അറിവിലൂടെയും സംസ്കാരത്തിലൂടെയും നിലവിലെ പ്രശ്നങ്ങള്‍ പരിഹരിക്കാമെന്നും അദ്ദേഹം പറഞ്ഞു. ഫ്രാങ്ക്ഫര്‍ട്ട് പുസ്തകമേളയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഷാര്‍ജ ഭരണാധികാരി.
പോരാട്ടം എത്ര കടുത്തതായാലും ഭീകരവാദത്തെ പരാജയപ്പെടുത്തുമെന്ന ദൃഢനിശ്ചയത്തിലാണ് താനെന്നും ഇക്കാര്യത്തില്‍ അറബ് ഇസ്ലാമിക സംസ്കാരമാണ് തന്റെ ആയുധമെന്നും അദ്ദേഹം പറഞ്ഞു.
സ്ഥിരതയും സുരക്ഷയും ഉറപ്പു നല്കുന്ന സമാധാനപരമായ യഥാര്‍ത്ഥ വിശ്വാസം പുനഃസ്ഥാപിക്കുകയാണ് ഇപ്പോഴത്തെ പ്രശ്നങ്ങള്‍ക്ക് പരിഹാരം. അറിവിന്റേയും സംസ്കാരത്തിന്റേയും വ്യാപനവും ഇതില്‍ നിര്‍ണ്ണായകമാണെന്നും അദ്ദേഹം പറഞ്ഞു.
ക്ഷുദ്രശക്തികളെ നേരിടാനുള്ള ഏറ്റവും പ്രായോഗിക മാര്‍ഗ്ഗം അറിവും സംസ്കാരവുമാണ്. അതിനാല്‍ അറിവുള്ള സമൂഹത്തേയും, നിലവാരമുള്ള വിദ്യാഭ്യാസവും ശാസ്ത്രീയ അറിവും നൈതികതയുമുള്ള തലമുറകളേയും സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ടുള്ള വിദ്യാഭ്യാസ രീതിയാണ് ഷാര്‍ജയില്‍ നടപ്പിലാക്കുന്നത്.
അറിവിന്റെ സന്ദേശം ജനങ്ങളിലേക്കെത്തിക്കുന്നത് പുസ്തകങ്ങളായതിനാല്‍ വായനയ്ക്ക് നല്ല സമൂഹത്തെ വാര്‍ത്തെടുക്കുന്നതില്‍ നിര്‍ണ്ണായക പങ്കുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.