NewsGulf

ഫുജൈറയിലും അജ്മനിലും ട്രാഫിക് പിഴകള്‍ക്ക് 50 ശതമാനം ഇളവ്

ദുബായ് : ഫുജൈറയിലും അജ്മനിലും ട്രാഫിക് പിഴകള്‍ക്ക് 50 ശതമാനം ഇളവ് പ്രഖ്യാപിച്ചു. ദാനവര്‍ഷാചരണവും യു.എ.ഇ ദേശീയദിനവും പ്രമാണിച്ചാണ് ഇളവ് പ്രഖ്യാപിച്ചത്.

അജ്മാനില്‍ നവംബര്‍ 26 മുതല്‍ ഡിസംബര്‍ 31വരെയാണ് 50 ശതമാനം ഇളവോടു കൂടി ട്രാഫിക് പിഴകള്‍ അടയ്ക്കാന്‍ സമയം അനുവദിച്ചിരിക്കുന്നത്. ദാനവര്‍ഷാചരണവും യു.എ.ഇ ദേശീയദിനവും പ്രമാണിച്ച് അജ്മാന്‍ കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ഖ് അമ്മാര്‍ ബിന്‍ ഹുമൈദ് അല്‍ നുഐമിയാണ് ഇളവ് അനുവദിച്ചുകൊണ്ട് പ്രഖ്യാപനം നടത്തിയത്.

നവംബര്‍ 11ന് മുന്‍പ് അജ്മാനില്‍ ലഭിച്ച ട്രാഫിക് പിഴകള്‍ക്കാണ് ഇളവ് അനുവദിച്ചിരിക്കുന്നതെന്ന് അജ്മാന്‍ പൊലീസ് മേധാവി മേജര്‍ ജനറല്‍ ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ അബ്ദുള്ള അല്‍ നുഐമി അറിയിച്ചു. അജ്മാന്‍ പൊലീസിന്റെയോ, ആഭ്യന്തര മന്ത്രാലയത്തിന്റെയോ മൊബൈല്‍ ആപ്ലിക്കേഷന്‍ മുഖേനയാണ് പിഴയൊടുക്കേണ്ടത്.

അപകടങ്ങളും പിഴകളും ഒഴിവാക്കാന്‍ എല്ലാവരും നിയമം പാലിക്കണമെന്നും ഷെയ്ഖ് സുല്‍ത്താന്‍ ആവശ്യപ്പെട്ടു. നവംബര്‍ 25 മുതല്‍ ജനുവരി നാല് വരെയാണ് ഫുജൈറയില്‍ പിഴകള്‍ക്ക് ഇളവ് ലഭിക്കുക.

ദേശീയദിനവും ദാനവര്‍ഷാചരണവും പ്രമാണിച്ച് ഫുജൈറ കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ ഹമദ് അല്‍ ഷാര്‍ഖിയുടെ ഉത്തരവിനെ തുടര്‍ന്നാണ് ഇളവെന്ന് ഫുജൈറ പൊലീസ് മേധാവി മേജര്‍ ജനറല്‍ മുഹമ്മദ് അഹമ്മദ് ബിന്‍ ഗാനെം അല്‍ കആബി ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചു. എമിറേറ്റിലെ ഗതാഗതം കൂടുതല്‍ സുഗമമാക്കാന്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

104 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close