ഡെന്‍പസാര്‍ : ഇന്തോനേഷ്യന്‍ ദ്വീപായ ബാലിയിലെ മൗണ്ട് അഗൂങ് അഗ്നി പര്‍വതം എപ്പോള്‍ വേണമെങ്കിലും പൊട്ടാമെന്നിരിക്കെ അഗ്നിപര്‍വത്തിന്റെ സമീപത്ത് നിന്ന് ഒഴിഞ്ഞ് പോകാത്തവരെ ബലം പ്രയോഗിച്ച് മാറ്റുമെന്ന് അധികൃതര്‍ അറിയിച്ചു.
അഗ്നിപര്‍വതത്തിന്റെ ഏഴര കിലോമീറ്റര്‍ ചുറ്റളവില്‍ പാര്‍ക്കുന്നവരോട് ഒഴിഞ്ഞ് പോകണമെന്ന് നിര്‍ദ്ദേശം നല്‍കിയിരുന്നു.എന്നാല്‍ പതിനായിരത്തിലധികം ആളുകള്‍ ഇപ്പോഴും ഒഴിഞ്ഞുപോകാത്തതിനെ തുടര്‍ന്നാണ് സര്‍ക്കാരിന്റെ കര്‍ശന നടപടി.
അതേസമയം ബാലിയില്‍ അതീവജാഗ്രത പ്രഖ്യാപിച്ചതിനു പിന്നാലെ ബാലി രാജ്യാന്തര വിമാനത്താവളം അനിശ്ചിതകാലത്തേക്ക് അടച്ചു.ഇതോടെ നാട്ടിലേക്ക് മടങ്ങാനാകാതെ മലയാളികളടക്കം നിരവധിപേരാണ് വിമാനത്താവളത്തില്‍ കുടുങ്ങി കിടക്കുന്നത്.
മൗണ്ട് അഗൂങ് അഗ്നിപവര്‍തത്തില്‍ നിന്ന് ശനിയാഴ്ച്ച മുതല്‍ കനത്ത പുകയും ചാരവും ഉയരുന്നുണ്ട്.വിവിധയിടങ്ങളില്‍ തണുത്ത ലാവ പ്രവഹിക്കുകയാണ്.വലിയ പാറക്കഷണങ്ങളും ചെളിയും നിറഞ്ഞ ദ്രാവകം മൂന്ന് കിലോമീറ്റര്‍ ദൂരത്തേക്ക് വരെ എത്തിയെന്നാണ് റിപ്പോര്‍ട്ട്.വീടുകളും പാലങ്ങളും റോഡുകളും തകര്‍ക്കാന്‍ ശേഷിയുളളതാണിത്.