NewsGulf

സൗദിയിൽ അറസ്റ്റു ചെയ്ത രാജകുമാരനെ മോചിപ്പിച്ചു

റിയാദ്: സൗദിയിൽ അഴിമതിക്കുറ്റം ആരോപിച്ച് അറസ്റ്റു ചെയ്ത മിതെബ് ബിൻ അബ്ദുള്ള രാജകുമാരനെ മോചിപ്പിച്ചു. ഒരു ബില്യൻ ഡോളർ നൽകിയുള്ള ഒത്തുതീർപ്പിന് തയ്യാറായതോടെയാണ് മോചനം സാധ്യമായത് എന്നാണ് സൂചന. അഴിമതിക്കുറ്റം ആരോപിച്ച് ഈ മാസം ആദ്യമാണ് മിതേബ് രാജകുമാരനും മന്ത്രിമാരും മുൻമന്ത്രിമാരും വ്യവസായ പ്രമുഖരും രാജകുമാരൻമാരും ഉൾപ്പെടെ 200 ൽ ഏറെ പേരെ കസ്റ്റഡിയിലെടുത്തത്.

ഒത്തുതീർപ്പിന് നിശ്ചിത തുക നൽകാൻ സമ്മതിച്ചതോടെയാണ്, അഴിമതിക്കുറ്റത്തിന് കസ്റ്റഡിയിലായിരുന്ന മിതേബ് ബിൻ രാജകുമാരന്‍റെ മോചനം സാധ്യമായതെന്ന് ഒരു സൗദി ഉദ്യോഗസ്ഥനെ ഉദ്ദരിച്ച് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.

ഈ തുക എത്രയെന്ന് വ്യക്തമല്ലെന്നും, അത് ഒരു ബില്യൻ ഡോളറിൽ കൂടുതലാണെന്നാണ് സൂചനയെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു. ചോദ്യം ചെയ്യലിൽ മിതെബ് ബിൻ അബ്ദള്ള അഴിമതിക്കുറ്റം സമ്മതിച്ചതായും ഇയാൾ പറഞ്ഞു. തടവിലുള്ള മൂന്നുപേർ ഇത്തരത്തിൽ തുക നൽകി മോചനം നേടാനുള്ള നടപടിക്രമങ്ങൾ പൂർത്തിയായതായും അറിയുന്നു. സർക്കാർ പണം അപഹരിക്കുക, ഇല്ലാത്ത ജീവനക്കാരുടെ പേരിൽ ശമ്പളം തട്ടിച്ചെടുക്കുക, വാക്കി ടോക്കികളും ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകളും ഉൾപ്പെടെ വാങ്ങാനുള്ള കോടിക്കണക്കിന് റിയാലിന്‍റെ കരാർ സ്വന്തം കമ്പനിക്ക് അനുവദിക്കുക തുടങ്ങിയ ആരോപണങ്ങളാണ് മിതെബ് ബിൻ അബ്ദള്ളയ്ക്കെതിരേയുള്ളത്.

സൗദി മുൻ ഭരണാധികാരി അബ്ദള്ള രാജാവിന്‍റെ പ്രിയപ്പെട്ട പുത്രനും, സൗദി ഭരണാധികാരിയാവാൻ ഏറെ സാധ്യത കൽപ്പിക്കുകയും ചെയ്തിരുന്ന രാജകുമാരനുമാണ് മിതെബ്. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്‍റെ നേതൃത്വത്തിലുള്ള അഴിമതി മുക്ത സമതിയുടെ നേതൃത്വത്തിൽ നവംബർ ആദ്യമാണ് രാജകുമാരൻമാരും മന്ത്രിമാരും മുൻ മന്ത്രിമാരും ഉൾപ്പെടെ 200 ൽ ഏറെ പ്രമുഖരെ അഴിമതി കുറ്റത്തിന് കസ്റ്റഡിയിലെടുത്തത്.

തടവിലായ 95 ശതമാനം പേരും തെറ്റായ സമ്പാദ്യം കൈമാറാമെന്നോ, ഒത്തുതീർപ്പ് തുക നൽകാമെന്നോ സമ്മതിച്ചതായി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു. 100 ബില്യൻ ഡോളറിൽ കൂടുതൽ തുകയുടെ അഴിമതിയാണ് കഴിഞ്ഞ കാലങ്ങളിൽ നടന്നതെന്ന് സൗദി അറ്റോർണി ജനറൽ പറഞ്ഞു.

655 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close