ന്യൂയോര്‍ക്ക് : അമേരിക്കയിലെ മലയാളി ദമ്പതികളുടെ വളര്‍ത്ത് മകള്‍ ഷെറിന് മാത്യുസിന്റെ മരണത്തില്‍ പുതിയ വെളിപ്പെടുത്തല്‍.കുട്ടി ശാരീരിക ഉപദ്രവങ്ങള്‍ക്ക് ഇരയായിട്ടുണ്ടെന്നാണ് ഷെറിനെ നേരത്തെ പരിശോധിച്ച ഡോക്ടര്‍ കോടതിയില്‍ പറഞ്ഞത്.
മൂന്നുവയസ്സുകാരി ഷെറിന്റെ എല്ലുകള്‍ പലതവണ പൊട്ടിയിരുന്നുവെന്നും ക്രൂരമര്‍ദ്ദനമേറ്റതിന്റെ പാടുകള്‍ ദേഹത്തുണ്ടായിരുന്നു എന്നുമാണ് റിപ്പോര്‍ട്ടില്‍ ഡോക്ടര്‍ വ്യക്തമാക്കിയിരിക്കുന്നത്.
2016 സെപ്തംബറിനും 2017 ഫെബ്രുവരിക്കും മധ്യേ എടുത്ത എക്സ്റേകളിലാണ് ഷെറിന്റെ ശരീരത്തില്‍ പലപൊട്ടലുകളും കണ്ടെത്തിയത്്.തുടയെല്ല്, കൈമുട്ട്, കാലിലെ വലിയ അസ്ഥി എന്നിവയിലാണ് പൊട്ടലുകല് കണ്ടെത്തിയത്.ശരീരത്തിന്റെ പലഭാഗത്തും മുറിവുകള്‍ ഉണങ്ങിയ പാടുകളും ഉണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇന്ത്യയില്‍ നിന്ന് കൊണ്ടുവന്ന ശേഷമാണ് ഇവ സംഭവിച്ചിരിക്കുന്നത്.ദത്തെടുത്ത കുടുംബത്തില്‍ നിന്ന് തന്നെയാണ് ഷെറിന് ക്രൂരമര്ദ്ദനമേറ്റതെന്നാണ്് ഇത് സൂചിപ്പിക്കുന്നത്.
ഒക്ടോബര്‍ ഏഴിനാണ് ഡാലസിലെ വീട്ടില്‍ നിന്ന് ഷെറിനെ കാണാതായത്.ഒരു കിലോമീറ്റര്‍ അകലെയുളള ഒരു ഓടയില്‍ നിന്ന് 22 നാണ് ഷെറിന്റെ മൃതദേഹം കണ്ടെത്തിയത്.