ദോഹ: രക്തദാനത്തിന്റെ മഹത്തായ മാതൃക കാട്ടി,മലയാളികളുടെ അഭിമാനമായി കണ്ണൂർ ഇരിട്ടി സ്വദേശി നിധീഷ് രഘുനാഥ്. കുവൈത്തിലെ ആശുപത്രിയിൽ സിസേറിയൻ ശസ്ത്രക്രിയ വേണ്ട കർണാടക സ്വദേശിനിക്കാണ് ബോംബെ ഗ്രൂപ്പിൽ പെട്ട രക്തം അത്യാവശ്യമായി വന്നത്.
ലക്ഷത്തിൽ നാലു പേർക്ക് മാത്രമാണ് ഈ അപൂർവ രക്തഗ്രൂപ്പ് കണ്ടു വരുന്നത്. എന്നാൽ,ഇതേ ഗ്രൂപ്പിലുള്ള രക്തം കുവൈത്തിൽ ലഭ്യമല്ലാതായതോടെ കാര്യങ്ങൾ സങ്കീർണമായി. അടിയന്തര ശസ്ത്രക്രിയ സാഹചര്യമുണ്ടാവുകയും ചെയ്തു.
അപൂർവ്വ ഗ്രൂപ്പിൽ പെട്ട രക്തത്തിനു വേണ്ടിയുള്ള അന്വേഷണം സോഷ്യൽ മീഡിയകളിലും ചർച്ചയായി.ബ്ലഡ് ഡോണേഴ്സ് കേരള– കുവൈത്ത് ചാപ്റ്ററിനും ഈ സന്ദേശമെത്തി..ബിഡികെ–ഖത്തർ ചാപ്റ്റർ മുൻപു നടത്തിയ രക്തപരിശോധനയിൽ നിധീഷിന്റേത് ബോംബെ ഗ്രൂപ്പാണെന്നു കണ്ടെത്തിയിരുന്നു.
തുടർന്ന് നിധീഷിന്റെ ബ്ലഡിന്റെ ക്രോസ്സ് മാച്ചിംഗ് പൂർത്തിയാക്കി. നിധീഷ് ജോലി ചെയ്യുന്ന ഖത്തർ ബർവയിലുള്ള ഹൈപ്പർമാർക്കറ്റ് കമ്പനി അധികൃതരിൽ നിന്നും അനുമതി വാങ്ങി അടിയന്തിരമായി കുവൈറ്റിലെത്തിക്കാനുള്ള നടപടികൾ ബിഡികെ– ഖത്തർ ചാപ്റ്റർ സ്വീകരിച്ചു.
വിസ നടപടികൾ പുർത്തിയാക്കി വ്യാഴാഴ്ച്ച കുവൈറ്റിലെത്തിയ നിധീഷ് ജാബരിയ രക്തബാങ്കിൽ രക്തദാനം നിർവ്വഹിച്ചു.
അമ്മയുടെയും,കുഞ്ഞിന്റെയും ജീവൻ രക്ഷിക്കാൻ മനസ്സ് കാട്ടിയ നിധീഷിനു നന്ദി പറയുകയാണ് പ്രവാസി കൂട്ടായ്മ