Special

അചഞ്ചലനായ അടൽ

‘ഒരു നാൾ ഇന്ത്യയിലെ ഭരണസാരഥ്യം ഏറ്റെടുക്കാൻ കഴിയുന്ന ഒറ്റ കക്ഷിയായി,ശക്തിയാര്‍ജ്ജിച്ചു ഞങ്ങള്‍ തിരിച്ചുവരും’ പറഞ്ഞത് ഇന്ത്യ കണ്ട ഏറ്റവും മികച്ച നയതന്ത്രജ്ഞനും, വാഗ്മിയുമായിരുന്ന അടൽ ബിഹാരി വാജ്പേയ്.

1996ല്‍ പതിമൂന്ന് ദിവസത്തെ ഭരണത്തിനുശേഷം ഭൂരിപക്ഷം നേടാനാവാതെ രാജിവച്ചിറങ്ങുമ്പോള്‍ ആത്മവിശ്വാസത്തോടെ അദ്ദേഹം പറഞ്ഞ വാക്കുകൾ യാഥാർത്ഥ്യമായി.

അടല്‍ എന്ന വാക്കിന്റെ അര്‍ത്ഥം ഉറച്ച, ദൃഢമായ, അചഞ്ചലമായ, ധൈര്യത്തോടുകൂടിയ എന്നൊക്കെയാണ്. പേരിനനുസൃതമാണ് അദ്ദേഹത്തിന്റെ സ്വഭാവവും.

1957 ൽ പാർലമെന്റിൽ അദ്ദേഹം നടത്തിയ കന്നി പ്രസംഗം നെഹ്രുവിന്റെ പ്രതികരണ ശൈലിയെ കുറിച്ചായിരുന്നു. ‘ഒരാള്‍ക്ക് പ്രസംഗിക്കാന്‍ വാചാലതയും ഒപ്പം വിവേചനവും വേണം. ഭാരതം പല കാര്യങ്ങളിലും നിശബ്ദത പാലിക്കാന്‍ പഠിക്കേണ്ടിയിരിക്കുന്നു‘. പ്രസംഗം കഴിഞ്ഞയുടൻ ആദ്യം കൈയ്യടിച്ചതും നെഹ്രു തന്നെയായിരുന്നുവെന്നത് ശ്രദ്ധേയം.

ശ്യാമപ്രസാദ് മുഖർജിക്ക് ഒപ്പം പ്രവർത്തിക്കാൻ കഴിഞ്ഞതാണ് തന്റെ രാഷ്ട്രീയ ജീവിതത്തിലെ നേട്ടമായി അടൽജി എന്നും എടുത്ത് പറയുന്നത്.

1996 ൽ അടൽജി ഇന്ത്യയുടെ പ്രധാനമന്ത്രി പദം രാജി വച്ചിറങ്ങിയ ശേഷം 1998 ൽ ഫെബ്രുവരിയിൽ വീണ്ടും തെരഞ്ഞെടുപ്പ് നടത്തി .അന്ന് ബിജെപി ക്ക് 179 സീറ്റും,കോൺഗ്രസ്സിന് 139 സീറ്റുമാണ് ലഭിച്ചത്.

പതിമൂന്ന് പാർട്ടികളാണ് അന്ന് ബിജെപിക്ക് പിന്തുണ നൽകാനെത്തിയത്.അങ്ങനെ 1998 മാര്‍ച്ച് 13ന് വാജ്‌പേയി വീണ്ടും പ്രധാനമന്ത്രിപദം ഏറ്റെടുത്തു. അവിശ്വാസ പ്രമേയം സഭയിൽ പാസായതോടെ അടൽജിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ രാജി വച്ചു.

1999 സപ്തംബറില്‍ വീണ്ടും തെരഞ്ഞെടുപ്പു നടന്നു. ഘടകകക്ഷികളുടെ പിന്തുണയില്‍ ഇന്ത്യയിൽ വാജ്‌പേയിയുടെ നേതൃത്വത്തില്‍ ദേശീയജനാധിപത്യസഖ്യം നിലവില്‍ വന്നു. മന്ത്രിസഭയും രൂപീകരിച്ചു. ആ സര്‍ക്കാര്‍ 2004 വരെ നിലനിന്നു.

പൊഖ്റാൻ ആണവ പരീക്ഷണം,കാർഗിൽ യുദ്ധത്തിലെ ഇന്ത്യയുടെ വിജയം എന്നിവയൊക്കെ ഈ കാലഘട്ടത്തിലാണ് നടന്നത്.കാർഗിൽ യുദ്ധത്തിന്റെ വേളയിൽ പാകിസ്ഥാനെ ലോക മുസ്ലീം രാഷ്ട്രങ്ങൾ പോലും ഒറ്റപ്പെടുത്തിയത് അടൽജി നടത്തിയ നയതന്ത്രത്തിന്റെ വിജയമായിരുന്നു.

രാഷ്ട്രീയമായി വിയോജിപ്പുകളുള്ളവർ പോലും വാജ്‌പേയി എന്ന ബഹുവിധ പ്രതിഭയെ ആദരിക്കുന്നുണ്ട്.ജനങ്ങളെ അറിഞ്ഞ ,ജനങ്ങൾ അറിഞ്ഞ അടൽജി തൊണ്ണൂറ്റി മൂന്നാം വയസ്സിലേക്ക് കടക്കുന്നു.

ക്വിറ്റ് ഇന്ത്യ സമരപന്തലിൽ ആരംഭിച്ച പൊതു ജീവിതം, ഇന്ത്യയുടെ ഭരണനാഥന്റെ കസേരയിൽ അവരോധിക്കപ്പെട്ടപ്പോഴും തന്റെ ധാർമ്മികതയിൽ ഉറച്ചു നിന്ന് പോരാടിയ വ്യക്തിത്വം ജനമനസ്സിൽ ഇന്നും നിറവോടെ നിൽക്കുന്നു.

Close
Close