Gulf

ദുബായ് ഫ്രെയിം ജനുവരി ഒന്നിന് സന്ദർശകർക്കായി തുറന്നുകൊടുക്കും

ദുബായ്: ദുബായ് ഫ്രെയിം ജനുവരി ഒന്നിന് സന്ദർശകർക്കായി തുറന്നുകൊടുക്കും. സഅബീൽ പാർക്കിൽ തല ഉയർത്തി നിൽക്കുന്ന ദുബായ് ഫ്രെയിം, എമിറേറ്റിന്‍റെ ചരിത്രവും വർത്തമാനവും ഭാവിയിൽ ലക്ഷ്യംവയ്ക്കുന്ന വികസനവും വിവരിക്കുന്നു. ജനങ്ങൾക്കുള്ള പുതുവത്സര സമ്മാനമാണ് ഇതെന്ന് ദുബായ് മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ ഹുസൈൻ നാസർ ലൂത്ത പറഞ്ഞു.

ദുബായ് വാസികൾക്കും സന്ദർശകർക്കും ഹൃദ്യമായ പുതുവത്സര സമ്മാനമായി ദുബായ് ഫ്രെയിം. ദുബായുടെ ചരിത്രത്തിൽ നിന്നും വർത്തമാനത്തിലൂടെ ഭാവിയിലേക്കുള്ള ആശ്ചര്യകരമായ യാത്രയൊരുക്കുന്ന ദുബായ് ഫ്രെയിം ജനുവരി ഒന്നിന് സന്ദർശകർക്കായി തുറന്നുകൊടുക്കും. ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷമെത്തുന്ന ദുബായ് ഫ്രെയിം ജനങ്ങൾക്കുള്ള പുതുവത്സര സമ്മാനമാണെന്ന് ദുബായ് മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ ഹുസൈൻ നാസർ ലൂത്ത പറഞ്ഞു.

രാവിലെ പത്ത് മുതൽ വൈകിട്ട് ഏഴ് വരെയാണ് സന്ദർശന സമയം. മുതിർന്നവർക്ക് 50 ദിർഹവും, 3 നും 12 നും ഇടയിലുള്ളവർക്ക് 20 ദിർഹവുമാണ് പ്രവേശന ഫീസ്. മൂന്ന് വയസ്സിൽ താഴെയുള്ളവർക്കും 60 കഴിഞ്ഞവർക്കും, ഭിന്നശേഷിക്കാർക്കും അവർക്കൊപ്പമുള്ള രണ്ട് സഹായികൾക്കും പ്രവേശനം സൗജന്യമാണ്. സന്ദർശനം അനുവദിക്കുന്ന സമയം രേഖപ്പെടുത്തിയ ടിക്കറ്റ് സഅബീൽ പാർക്കിലെ ഗേറ്റ് നമ്പർ നാലിൽ ലഭിക്കും.

ഓൺലൈനായി ടിക്കറ്റെടുക്കാനും അധികം വൈകാതെ സൗകര്യമൊരുങ്ങും. മണിക്കൂറിൽ 200 പേർക്കാണ് പ്രവേശനം അനുവദിക്കുക. ഇത് കണക്കാക്കി, സമയം രേഖപ്പെടുത്തിയ ടിക്കറ്റിലൂടെ എത്തുന്ന സന്ദർശകരെ 20 പേരുടെ 10 ഗ്രൂപ്പുകളായി തിരിച്ചാണ് കടത്തിവിടുക.

ഒരു ഭീമാകാര ഫ്രെയിമിന്‍റെ മാതൃകയിലാണ് ദുബായ് ഫ്രെയിം നിർമ്മിച്ചിരിക്കുന്നത്. 150 മീറ്റർ ഉയരത്തിലുള്ള രണ്ട് ടവറുകൾ, മുകളിൽ 93 മീറ്റർ നീളമുള്ള പാലത്തിലൂടെ അവയെ ബന്ധിപ്പിച്ചിരിക്കുന്നു, ഫ്രെയിമിനുള്ളിലേക്ക് കടന്നാലും കാഴ്ചയുടെ വിസ്മയമാണ്. മെസ്നെയിൻ ഫ്ളോറിലെ മ്യൂസിയവും എക്സിബിഷൻ ഗ്യാലറിയും ദുബായുടെ ചരിത്രം വ്യക്തമാക്കുന്നു.

അവിടെ നിന്നും 150 മീറ്റർ ഉയരെയുള്ള സ്കൈ ഡെക്കിലേക്ക്. സ്കൈ ഡെക്കിലെ ചില്ല് പാലത്തിലൂടെ നടക്കുമ്പോൾ ഒരുവശത്ത് പഴയ ദുബായും മറുവശത്ത് പുതിയ ദുബായും 360 ഡിഗ്രിയിൽ കാണാം. സ്കൈ ഡെക്കിന്‍റെ തെക്ക് വശത്ത് ഷെയ്ഖ് സായിദ് റോഡും ഇരുവശത്തെ അമ്പരചുംബികളായ കെട്ടിടങ്ങളും ആധുനിക ദുബായുടെ നേർക്കാഴ്ചയൊരുക്കുന്നു. മറുവശത്ത് പഴയ ദുബായുടെ ദൃഷ്ടാന്തമായി ദേര, ഉം ഹുറൈർ, കരാമ തുടങ്ങിയ സ്ഥലങ്ങൾ കാണാം.

വിർച്വൽ റിയാലിറ്റി സാങ്കേതികയിൽ ഒരുക്കിയിട്ടുള്ള ഫ്യൂച്ചർ ദുബായ് ഗാലറി, 15 വർഷത്തിനുശേഷം എങ്ങനെയായിരിക്കും ദുബായ് എന്ന് ചിത്രീകരിക്കുന്നു. സോഷ്യൽ മീഡിയ വാളിൽ പ്രമുഖർ പകർത്തിയ ചിത്രങ്ങൾ വിൽപ്പനയ്ക്ക് വച്ചിരിക്കും. കൂടാതെ, ദുബായ് ഫ്രെയിമിന്‍റെ ചെറുമാതൃകകളും ചിത്രം പതിച്ച കപ്പുകളും തൊപ്പികളും ഉൾപ്പെടെ ലഭിക്കുന്ന സുവനീർ ഷോപ്പുമുണ്ട്.

635 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close