കൊച്ചി: സീറോ മലബാര്‍ സഭ ഭൂമിയിടപാടിനെതിരെ അന്വേഷണമാവശ്യപ്പെട്ട് പോലീസില്‍ പരാതി. അഴിമതി, വിശ്വാസവഞ്ചന, കള്ളപ്പണബന്ധം എന്നിവ സംബന്ധിച്ച് വിശദമായ അന്വേഷണം വേണമെന്നാണ് ആവശ്യം. വിവാദം ചര്‍ച്ച ചെയ്യാന്‍ വൈദിക സമിതി യോഗം ചേരാനിരിക്കെയാണ് പരാതി.
കേരള കാത്തലിക് അസോസിയേഷന് ഫോര്‍ ജസ്റ്റിസ് എന്ന സംഘടനയുടെ പേരില്‍ അങ്കമാലി തുറവൂര്‍ സ്വദേശിയായ അഡ്വ.പോളച്ചന് പുതുപ്പാറ എന്നയാളാണ് പരാതി നല്‍കിയത്. കര്‍ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരി ഉള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരെ അഴിമതി, വിശ്വാസ വഞ്ചന, കള്ളപ്പണ-ഹവാല ഇടപാട് തുടങ്ങിയ ആരോപണങ്ങളാണ് പരാതിയിലുള്ളത്.
സര്‍ക്കാരിന് ടാക്സിനത്തില്‍ ലഭിക്കേണ്ട തുകയും, സ്റ്റാമ്പ് ഡ്യൂട്ടിയായി വരേണ്ട 2 കോടി രൂപയും കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരിയുടെ നേതൃത്വത്തില്‍ വെട്ടിച്ചതായും പരാതിക്കാരന് വ്യക്തമാക്കുന്നു. എല്ലാത്തിനും തെളിവായി കര്‍ദ്ദിനാള്‍ ഒപ്പിട്ട രേഖകളും പരാതിക്കൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്. മാത്രമല്ല, കുറ്റക്കാരെന്ന് കണ്ടെത്തിയ മൂന്ന് വൈദികരെ ചുമതലയില്‍ നിന്നും ഒഴിവാക്കിയ കാര്യവും തെളിവായി ചൂണ്ടിക്കാട്ടപ്പെടുന്നു.
അതേസമയം വിവാദ ഭൂമിയിടപാട് ചര്‍ച്ച ചെയ്യാന്‍ നാളെ വൈദിക സമിതി യോഗം ചേരാനിരിക്കെയാണ് ഗുരുതര ആക്ഷേപങ്ങളുന്നയിച്ചുള്ള പരാതി പോലീസിന് നല്‍കിയതെന്ന കാര്യം ശ്രദ്ധേയമാണ്. ഭൂമിയിടപാട് അന്വേഷിച്ച സഭാ കമ്മീഷന് റിപ്പോര്‍ട്ട് വൈദിക സമിതി ചര്‍ച്ച ചെയ്യും. കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരിയും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.
മാത്രമല്ല മാര്‍പ്പാപ്പയ്ക്കുള്ള വൈദിക സമിതിയുടെ റിപ്പോര്‍ട്ടും നാളെ തയ്യാറാക്കുമെന്നാണ് സൂചന. ഇതിനിടെ സഭയ്ക്കുള്ളിലെ ഇടപാടില്‍ ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ത്തി പരാതി കിട്ടിയ പശ്ചാത്തലത്തില്‍ ഇനി നടപടിയെടുക്കാതിരിക്കാന്‍ പോലീസിനുമാകില്ല. ഇക്കാരണത്താല്‍ ഭൂമി വിവാദം വരും ദിവസങ്ങളില്‍ സഭയെ പിടിച്ചുകുലുക്കുമെന്ന കാര്യം ഉറപ്പാണ്.