കൊച്ചി: ബോളിവുഡ് താരം വിദ്യാ ബാലനെ ലൈംഗികമായി അധിക്ഷേപിച്ച് കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ കമല്‍. തന്റെ പുതിയ സിനിമയില്‍ നായികയായി വിദ്യാ ബാലന് എത്തിയിരുന്നുവെങ്കില്‍ ലൈംഗിക അതിപ്രസരം കാണേണ്ടി വന്നേനെയെന്നായിരുന്നു അഭിപ്രായപ്രകടനം. അതേസമയം കമലിന്റെ പ്രതികരണത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് വിവിധ കോണുകളില്‍ നിന്നും ഉയരുന്നത്.
അശ്ലീല പദപ്രയോഗം നടത്തിയെന്ന പേരില്‍ ഒരു സിനിമയെയും അതിലെ നായക നടനെയും വളഞ്ഞിട്ട് ആക്രമിച്ചതിന്റെ ചൂടാറും മുന്‍പാണ് പുതിയ വിവാദം തലപൊക്കിയിരിക്കുന്നത്. റിലീസാകാനിരിക്കുന്ന തന്റെ പുതിയ ചിത്രത്തില്‍ വിദ്യാ ബാലന് അഭിനയിച്ചിരുന്നുവെങ്കില്‍ ലൈംഗിക അതിപ്രസരം പ്രേക്ഷകര്‍ കാണേണ്ടി വന്നേനെയെന്നായിരുന്നു കമലിന്റെ പരാമര്‍ശം.
അവരുടെ ശാരീരിക ഘടന ആമി എന്ന കഥാപാത്രത്തിന് ചേരുന്നതല്ല. അവര്‍ പിന്മാറിയതിനാല് മഞ്ജു വാര്യര്‍ പകരമെത്തുകയും തനി നാടന്‍ വ്യക്തിയായി കഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്തുവെന്നും കമല്‍ ഒരു ഓണ്‍ലൈന്‍ മാദ്ധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
അതേസമയം കസബയെയും മമ്മൂട്ടിയെയും പരസ്യമായി അപമാനിക്കാന്‍ ചലച്ചിത്ര മേളയില്‍ എല്ലാ സൗകര്യങ്ങളും ചെയ്തു നല്‍കിയെന്ന വിമര്‍ശനം നിലനില്‍ക്കെയാണ് കമല്‍ പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്. സിനിമാ മേഖലയിലെ സ്ത്രീ സ്വാതന്ത്ര്യം ചര്‍ച്ചയായിരിക്കെ ചലച്ചിത്ര അക്കാദമി ചെയര്മാന് പോലെയുള്ള ഉന്നത സ്ഥാനത്തിരിക്കുന്ന വ്യക്തിയില്‍ നിന്നും നിരുത്തരവാദപരമായ പരാമര്‍ശം ഉണ്ടായതില്‍ പ്രതിഷേധം കനക്കുകയാണ്.
ഇതിനിടെ ആമിയെന്ന പുതിയ ചലച്ചിത്രം റിലീസാകാനിരിക്കെ കമല്‍ പബ്ളിസിറ്റിക്ക് വേണ്ടിയാണ് സഹപ്രവര്‍ത്തകയെ അധിക്ഷേപിച്ചതെന്നും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.