ന്യൂഡല്‍ഹി: ശ്രീജിത്തിന്റെ സഹോദരന് ശ്രീജീവിന്റെ കസ്റ്റഡി മരണം സിബിഐ അന്വേഷിക്കും.ഇത് സംബന്ധിച്ച് ഉത്തരവ് അടുത്ത ദിവസം ഇറങ്ങും.
കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗുമായി പൊതുപരാതി പരിഹാര വകുപ്പ് മന്ത്രി ഡോ.ജിതേന്ദ്രസിംഗ് ഇക്കാര്യം ചര്‍ച്ച ചെയ്തു.സിബിഐ അന്വേഷണം എന്ന ആവശ്യം ഉന്നയിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് വേണ്ടി യുവമോര്‍ച്ച ദേശീയ സെക്രട്ടറി അനൂപ് ഡോ.ജിതേന്ദ്രസിംഗിന് മെമ്മോറാണ്ടം നല്‍കിയിരുന്നു.
അതേസമയം സിബിഐ അന്വേഷണത്തിനുളള ഉത്തരവ് ലഭിക്കും വരെ സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം തുടരുമെന്ന് ശ്രീജിത്ത് അറിയിച്ചിരുന്നു.
ഇതോടെ ശ്രീജിത്ത് എഴുനൂറിലേറെ ദിവസങ്ങളായി നടത്തിവരുന്ന ഒറ്റയാള്‍ പോരാട്ടത്തിനാണ് ഫലം കണ്ടിരിക്കുന്നത്.
കഴിഞ്ഞ ദിവസം ശ്രീജിത്തിന് പിന്തുണ പ്രഖ്യാപിച്ച് പ്രമുഖ സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളായ ‘ഔട്ട് സ്പോക്കണിന്റേയും മല്ലു സൈബര്‍ സോള്ജിയേഴ്സിന്റേയും നേതൃത്വത്തില്‍ മില്ല്യണ്‍ മാസ്ക്ക് എന്ന പേരില്‍ തിരുവനന്തപുരത്ത് മാര്‍ച്ച് നടത്തിയിരുന്നു.
സിനിമ താരങ്ങള്‍ ഉള്‍പ്പെടെ ആയിരങ്ങളാണ് ശ്രീജിത്തിന് പിന്തുണ പ്രഖ്യാപിച്ച് മാര്‍ച്ചില്‍ പങ്കെടുത്തത്.