ഷാർജ: സമഗ്ര വികസനത്തിന് ആക്കം കൂട്ടുന്ന വൻകിട പദ്ധതികളുമായി ഷാർജ ഇൻവെസ്റ്റ്മെന്റ് ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി (ശുറൂഖ്). ഷാർജ എക്സ്പോ സെന്ററിൽ നടന്ന പ്രൗഢമായ ചടങ്ങിൽ ഷാർജ ഭരണാധികാരി ഹിസ് ഹൈനസ് ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയാണ് പുതിയ പദ്ധതികൾ അനാവരണം ചെയ്തത്. അബുദാബിയിലെ പ്രമുഖ റിയൽ എസ്റ്റേറ്റ് ഗ്രൂപ്പായ ഈഗിൾ ഹിൽസുമായി ചേർന്നാണ് , ”ഈഗിൾ ഹിൽസ് ഷാർജ ഡെവലപ്മെന്റ്” എന്ന പുതിയ വികസന കൂട്ടായ്മ.
ശുറൂഖ് ചെയർപേഴ്സൺ ഷെയ്ഖ ബുദൂർ ബിൻത് സുൽത്താൻ അൽ ഖാസിമി, ശുറൂഖ് സി.ഇ.ഒ മർവാൻ ജാസിം അൽ സർക്കാൽ, ഈഗിൾ ഹിൽസ് ചെയർമാൻ മുഹമ്മദ് അൽ അബ്ബാർ, ഉന്നത ഉദ്യോഗസ്ഥർ, മലയാളികളടക്കമുള്ള വ്യവസായ പ്രമുഖർ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പ്രഖ്യാപനം.
മറിയം ഐലൻഡ്, കൽബ വാട്ടർ ഫ്രന്റ്, പാലസ് അൽ ഖാൻ എന്നിങ്ങനെ ഷാർജയുടെ നിക്ഷേപ സാദ്ധ്യതകൾ വർധിപ്പിക്കുന്ന മൂന്നു പുതിയ പദ്ധതികളാണ് പ്രഖ്യാപിക്കപ്പെട്ടത്. ജീവിത നിലവാരം മെച്ചപ്പെടുത്തുകയും ലോകോത്തര ഷോപ്പിംഗ്-താമസ സൗകര്യങ്ങൾ ഒരുക്കുകയും ലക്ഷ്യം വെക്കുന്ന പദ്ധതികൾക്ക് മുന്നൂറു കോടി ദിർഹംസ് ചിലവ് പ്രതീക്ഷിക്കുന്നു.
ഷാർജയിലുള്ളവരുടെ ജീവിത സൗകര്യം മെച്ചപ്പെടുത്താനും എമിറേറ്റിന്റെ സമഗ്രവികസനവും പുതിയ കൂട്ടായ്മയിലൂടെ സാധിക്കുമെന്ന് ഷെയ്ഖ ബുദൂർ ബിൻത് സുൽത്താൻ അൽ ഖാസിമി പറഞ്ഞു. “ഷെയ്ഖ് സുൽത്താന്റെ നേതൃത്വത്തിൽ ലോകമെമ്പാടുമുള്ള നിക്ഷേപകരുടെ പ്രിയപ്പെട്ട ഇടമായി വളരുകയാണ് ഷാർജ. ഈഗിൾ ഹിൽസ് ഷാർജ ഡെവലപ്മെന്റ് ഈ കുതിപ്പിന്റെ വേഗം കൂട്ടും. വിവിധ സർക്കാർ വകുപ്പുകളുമായി ചേർന്ന്, പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുകയും ചെയ്യുകയാണ് ശുറൂഖ്. മെച്ചപ്പെട്ട ജീവിത സൗകര്യങ്ങൾ ഒരുക്കാനും കൂടുതൽ നിക്ഷേപങ്ങൾ കണ്ടെത്താനും ഇത് വഴി സാധ്യമാവുമെന്നും ഷെയ്ഖ ബുദൂർ പറഞ്ഞു..