പാലക്കാട്: രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ പ്രാന്തീയ കാര്യകർതൃ ശിബിരത്തിന് തുടക്കമായി. മൂന്ന് ദിവസങ്ങളിലായി പാലക്കാട് കല്ലേക്കാട് വ്യാസ വിദ്യാപീഠം സ്കൂളിൽ നടക്കുന്ന ശിബിരത്തിൽ ആർഎസ്എസ് സർസംഘ ചാലക് ഡോ. മോഹൻഭാഗവത് പൂർണസമയവും പങ്കെടുക്കുന്നുണ്ട്.
രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ വാർഷിക സംഘടനാ പ്രവർത്തനത്തിന്റെ ഭാഗമായാണ് പ്രാന്തീയ മണ്ഡൽ ഉപരി കാര്യകർതൃ ശിബിരം നടക്കുന്നത്. മണ്ഡൽ ഉപരി ചുമതലയുള്ള കാര്യകർത്താക്കൾ പങ്കെടുക്കുന്ന ശിബിരത്തിന് കല്ലേക്കാട് വ്യാസ വിദ്യാപീഠം സ്കൂളിൽ രാവിലെ പത്ത് മണിയോടെയാണ് തുടക്കമായത്.
RSS സർസംഘചാലക് ഡോ. മോഹൻഭാഗവത് പൂർണസമയവും ശിബിരത്തിൽ പങ്കെടുക്കുന്നുണ്ട്. കൂടാതെ അഖില ഭാരതീയ സഹബൗദ്ധിക് പ്രമുഖ് മുകുന്ദ്, സഹസേവാ പ്രമുഖ് ഗുണവന്ത്സിംഗ് കോഠാരി, ദക്ഷിണ ക്ഷേത്രീയ സംഘചാലക് ഡോ. വന്നിയരാജൻ, പ്രജ്ഞാ പ്രവാഹ് ദേശീയ സംയോജകൻ ജെ നന്ദകുമാർ തുടങ്ങിയവർ പ്രവർത്തകർക്ക് മാർഗ നിർദ്ദേശം നൽകും.
സംഘ പരിവാർ സംഘടനകളുടെ സംസ്ഥാന ചുമതലയുള്ളവരും ശിബിരത്തിൽ പങ്കെടുക്കുന്നുണ്ട്. സംസ്ഥാനത്തെ 1600 മണ്ഡലങ്ങളിൽ നിന്നായി 7000 കാര്യകർത്താക്കൾ പങ്കെടുക്കുന്ന ശിബിരം 28 ന് സമാപിക്കും, 27 ന് വൈകിട്ട് പദസഞ്ചലനം നടക്കും.