രാഷ്ട്രവളർച്ചയുടെ ചാലകശക്തികളാണ് അറിവും നൈപുണ്യവും. ഏതു സാഹചര്യവും അതിജീവിക്കാൻ പോന്ന കരുത്താർജ്ജിച്ച തൊഴിൽസേനയാകും ഓരോ രാജ്യത്തിന്റെയും കരുത്ത്. യുവജനതയുടെ നൈപുണ്യവികാസം ലക്ഷ്യമിട്ട് കേന്ദ്രസർക്കാർ വിജയകരമായി നടപ്പിലാക്കിവരുന്ന സൗജന്യ തൊഴിൽപരിശീലന പദ്ധതിയാണ് പ്രധാനമന്ത്രി കൗശൽ വികാസ് യോജന. സ്കിൽ ഇന്ത്യ പദ്ധതിയുടെ ഭാഗമായി കേന്ദ്ര നൈപുണ്യ സംരംഭകത്വ വികസനമന്ത്രാലയം നടപ്പിലാക്കുന്ന പിഎംകെഇവൈ-യെ കുറിച്ചുള്ള വിശദാംശങ്ങളാണ് ജനക്ഷേമത്തിൽ.
ഏകീകൃതമായ ആധുനിക പഠന രീതികളാണ് രാജ്യവ്യാപകമായി പ്രധാനമന്ത്രി കൗശൽ കേന്ദ്രങ്ങളിൽ ഒരുക്കിയിരിക്കുന്നത്. ഓരോരുത്തരുടെയും അഭിരുചിക്കിണങ്ങിയ തൊഴിലുകൾ സൗജന്യമായി പഠിക്കുന്നതിനൊപ്പം മികച്ച വരുമാനം ലഭിക്കുന്ന ജോലി നേടുകയും ചെയ്യാം.
തൊഴിൽമേഖലകളിൽ നൈപുണ്യം സിദ്ധിച്ചവരെയാകും വരും വർഷങ്ങളിൽ വിവിധമേഖലകളിൽ വേണ്ടിവരിക. പ്രധാനമന്ത്രി കൗശൽ വികാസ് യോജന വെറുമൊരു തൊഴിൽ പരിശീലനപദ്ധതിമാത്രമല്ല, രാഷ്ട്രവികസനം ലക്ഷ്യമിട്ടുള്ള സമഗ്ര നൈപുണ്യ യജ്ഞം കൂടിയാണ്.
സാങ്കേതികവിദ്യകൾ പരമാവധി പ്രയോജനപ്പെടുത്തിക്കൊണ്ട് നമ്മുടെ മാനുഷിക വിഭവശേഷി വർദ്ധിക്കുക എന്നതാണ് കേന്ദ്രസർക്കാരിന്റെ ലക്ഷ്യം. നൈപുണ്യ പരിശീലനത്തിനായി രാജ്യത്തെ കൗശൽ കേന്ദ്രങ്ങളെ ഏകോപിപ്പിക്കുന്നതിൽ കേന്ദ്ര നൈപുണ്യവികസന സംരംഭകത്വ മന്ത്രാലയം പ്രത്യേക ശ്രദ്ധ ചെലുത്തുന്നു.
വരുംനാളുകളിൽ നൈപുണ്യവികസനത്തിലൂടെ ഭാരതം ലോകരാഷ്ട്രങ്ങൾക്കുമുന്നിൽ അജയ്യ ശക്തിയായി വളരും. മികച്ച തൊഴിൽസേനയെ ലോകത്തിന് സംഭാവന ചെയ്യുന്നതിലൂടെ നമ്മുടെ സമ്പദ്വ്യവസ്ഥതന്നെ കുതിച്ചുയരും.