കണ്ണൂര്‍: പാര്‍ട്ടിയുമായി സഹകരിക്കാത്തതിന്റെ പേരില്‍ നാട്ടില്‍ ജീവിക്കാന്‍ സി.പി.എം അനുവദിക്കുന്നില്ലെന്നാരോപിച്ച് വീട്ടമ്മ രംഗത്ത്. കണ്ണൂര്‍ മമ്പറം പൊയനാട് സ്വദേശി ശ്രീജ ഹരിദാസാണ് സി.പി.എം നിരന്തരം ഉപദ്രവിക്കുന്നതിനെത്തുടര്ന്ന് പ്രദേശത്ത് നിന്ന് താമസം മാറ്റേണ്ട ഗതികേടിലാണെന്നാണോരോപിച്ച് രംഗത്തെത്തിയത്.
അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ പി.ജയരാജന് അറസ്റ്റിലായതിനെത്തുടര്‍ന്ന് നിരവധി അക്രമ സംഭവങ്ങള്‍ കണ്ണൂരില്‍ നടന്നിരുന്നു. ഇതില്‍ പ്രതികളായ സി.പി.എമ്മുകാരെ പുറത്തിറക്കാന്‍ പാര്‍ട്ടി പണം പിരിക്കാന്‍ വന്നപ്പോള്‍ സഹകരിക്കാതിരുന്നതാണ് സി.പി.എം ദ്രോഹിക്കാന്‍ കാരണമെന്ന് ശ്രീജ പറയുന്നു. ഇതോടൊപ്പം തിരഞ്ഞെടുപ്പ് സമയത്ത് വീടിന്റെ മതിലിന് പുറത്ത് സി.പി.എമ്മുകാര്‍ കൊടികള്‍ സ്ഥാപിച്ചത് എടുത്ത് മാറ്റാന്‍ പറഞ്ഞതും ഇവരോടുള്ള പക ഇരട്ടിയാക്കി.
2007ല്‍ വീടിനും 2011ല്‍ വീടിന്റെ ഒരു ഭാഗം സ്വയംതൊഴില്‍ സംരംഭത്തിനും പഞ്ചായത്ത് അനുമതി നല്‍കിയിരുന്നു. പാര്‍ട്ടിയുടെ താല്‍പ്പര്യത്തിന് വഴങ്ങാത്തതിനാല്‍ സി.പി.എം തന്നെ ഭരിക്കുന്ന പഞ്ചായത്തിനെ ഉപയോഗിച്ച് വീടിന്റെ ഒരു ഭാഗം പൊളിച്ച് കളയാന്‍ പാര്‍ട്ടി ഇടപെടുകയും ചെയ്തു. നിരന്തരം കേസുകളായതോടെ നാടും വീടും ഉപേക്ഷിച്ച് പോകേണ്ട ഗതികേടിലാണിവര്‍. ഇവരുടെ പരാതികള്‍ പാര്‍ട്ടിയെ ഭയന്ന് അവഗണിക്കുകയാണെന്ന ആരോപണവുമുണ്ട്.