തിരുവനന്തപുരം: ഇ വേ ബില്ലും കാര്യക്ഷമമായ ജി എസ് ടിയും വരുന്നതോടെ 2018 – 19 രണ്ടാം പാദത്തില്‍ 20 ശതമാനം വരുമാന വര്‍ദ്ധനവ് പ്രതീക്ഷിക്കുന്നതായി സംസ്ഥാന ധനമന്ത്രി ടി. എം. തോമസ് ഐസക്ക്. ജിഎസ്ടി നിലവില്‍ വന്നതോടെ ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിന്റെ വരുമാനം വര്‍ദ്ധിക്കേണ്ടതാണെങ്കിലും അതുണ്ടായിട്ടില്ല. ഐ.ജി.എസ്.ടി, എസ്.ജി.എസ്.ടി എന്നിവയിലെ ചോര്‍ച്ചയാണ് പ്രധാന കാരണമെന്നും മന്ത്രി പറഞ്ഞു.
പാര്‍ലമെന്ററി പഠന പരിശീലന കേന്ദ്രവും കെ. യു. ഡബ്യു. ജെ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയും സംയുക്തമായി നിയമസഭാ ബാങ്ക്വറ്റ് ഹാളില്‍ സംഘടിപ്പിച്ച ‘കേരളത്തിന്റെ സമ്പദ്ഘടന ജി.എസ്.ടിക്ക് ശേഷം’ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിപണിയില്‍ സാധന വില കുറയേണ്ടതാണെങ്കിലും അതുണ്ടായില്ല. എന്നാല്‍ ഇത് താത്കാലിക പ്രതിഭാസമാണെന്നും അടുത്ത കുറച്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ വില കുറയുമെന്നുമാണ് പ്രതീക്ഷ.
ജി.എസ്.ടി വന്നതോടെ സംസ്ഥാനത്തിനുണ്ടായിരുന്ന നികുതി അധികാരം മാറി അത് ജി. എസ്. ടി കൗണ്‍സിലിനായി. ജി.എസ്.ടിയോടെ രാജ്യം മുഴുവന്‍ ഏകീകൃത നികുതി സംവിധാനത്തിലേക്ക് മാറുകയും ചെയ്തു. ജി.എസ്.ടി ഉത്പാദന വര്‍ദ്ധനവിലേക്ക് നയിക്കുമെന്നാണ് തത്വമെന്നും ഐസക് പറഞ്ഞു.