ഫ്ളോറിഡ: ലോകത്തെ ഏറ്റവും കരുത്തേറിയ റോക്കറ്റ് ഫാല്‍ക്കണ്‍ ഹെവി വിജയകരമായി പരീക്ഷിച്ചു. അമേരിക്കയിലെ കെന്നഡി സ്പേസ് സെന്ററിലാണ് വിക്ഷേപണം നടത്തിയത്. അമേരിക്കന്‍ സമയം പുലര്‍ച്ചെ 1.30നായിരുന്നു റോക്കറ്റ് വിക്ഷേപണം. എലന്‍ മസ്കിന്റെ നേതൃത്വത്തിലുള്ള സ്പേസ് എക്സ് ആണ് റോക്കറ്റ് വിക്ഷേപിച്ചത്. എലന്‍ മസ്കിന്റെ ഇലക്ട്രിക് കാറായ ടെസ്ല റോഡ്സ്റ്ററും വഹിച്ചാണ് റോക്കറ്റ് ഉയര്‍ന്നത്. കാലിഫോര്‍ണിയ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എയറോസ്പേസ് നിര്‍മാതാക്കളായ സ്പേസ് എക്സ് ആണ് ഫാല്‍ക്കന്‍ ഹെവിയുടെ നിര്‍മാണത്തിനു പിന്നില്‍
വിക്ഷേപണം കാണുവാന്‍ ആയിരക്കണക്കിന് ആളുകളാണ് ഇവിടെ എത്തിയത്. ശൂന്യാകാശത്തിലേക്ക് വിക്ഷേപിച്ചതിന് ശേഷവും അവ ഭൂമിയിലേക്ക് തിരികെ എത്തും എന്നതാണ് ഈ റോക്കറ്റുകളുടെ പ്രത്യേകത. ഇവ വീണ്ടും വിക്ഷേപണത്തിന് ഉപയോഗിക്കാന്‍ കഴിയും. ഇത് പ്രകാരം രണ്ട് റോക്കറ്റ് ബൂസ്റ്ററുകള്‍ ഫ്ളോറിഡയില്‍ പ്രത്യേകം തയാറാക്കിയ സ്ഥലത്ത് ഇറങ്ങി. എന്നാല്‍ മൂന്നാമത്തെ റോക്കറ്റ് ബൂസ്റ്റര്‍ കടലില്‍ തകര്‍ന്നു വീണു.
1,40,000 പൗണ്ട് വരെ ഭാരമുള്ള ചരക്കുകള്‍ വഹിക്കാനും മൂന്ന് ഫാല്‍ക്കന്‍ നയന്‍ റോക്കറ്റുകള്‍ ചേരുന്ന ഫാല്‍ക്കന്‍ ഹെവിക്ക് കഴിയും.