കൊച്ചി: പ്രമുഖ ആയുര്‍വേദ നേത്രരോഗ വിദഗ്ധനും കൂത്താട്ടുകുളം ശ്രീധരീയം ആയുര്‍വേദ ഗവേഷണ കേന്ദ്രത്തിന്റെ എംഡിയും ചീഫ് ഫിസിഷ്യനുമായ ഡോ എന്‍ പി പി നമ്പൂതിരി(68) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം.
ആയുര്‍വേദ നേത്രചികിത്സ വിഭാഗമായ ശാലാക്യതന്ത്രത്തിന് അമൂല്യ സംഭാവനകള്‍ നല്കിയ വൈദ്യപ്രതിഭയായിരുന്നു എന്‍ പി പി നമ്പൂതിരി. 1980 ല്‍ സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിച്ചു. തൊടുപുഴ കാരിക്കോട് ജോലി ചെയ്യുമ്പോഴാണ് നേത്രരോഗ വിഭാഗത്തിലേക്ക് തിരിയുന്നത്.
ശ്രീധരീയം ആയുര്‍വേദ കണ്ണാശുപത്രിയിലൂടെ രാജ്യത്തെ തന്നെ ഏറ്റവും വലിയ ശൃംഖലക്ക് അദ്ദേഹം തുടക്കം കുറിച്ചു. റിസര്‍ച്ച് സെന്ററും മറ്റ് അത്യാധുനിക സൗകര്യങ്ങളും ഇന്ന് ശ്രീധരീയത്തിന് സ്വന്തമായിട്ടുണ്ട്. ഇന്ത്യയില്‍ നാഷണല്‍ അക്രഡിറ്റേഷന് ബോര്‍ഡ് ഓഫ് ഹോസ്പിറ്റല്‍സ് ആന്റ് ഹെല്‍ത്ത് കെയര്‍ പ്രൊവൈഡറിന്റെ അംഗീകാരമുള്ള ഏക ആയുര്‍വേദ ആശുപത്രിയെന്ന സവിശേഷതയും ശ്രീധരീയത്തിനുണ്ട്. രാജ്യത്തുടനീളം ആശുപത്രിയുടെ ശൃംഖല വ്യാപിപ്പിക്കാനും ഇതിലൂടെ ജനങ്ങള്‍ക്ക് മികച്ച സേവനം ലഭ്യമാക്കാനും വേണ്ടി അശ്രാന്ത പരിശ്രമം ചെയ്ത വ്യക്തിയാണ് അദ്ദേഹം. കേരളത്തിനു പുറത്ത് 15ഓളം സ്ഥലങ്ങളില്‍ ഇന്ന് ശ്രീധരീയത്തിന് ശാഖകളുണ്ട്. സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും വിരമിച്ചതിനു ശേഷമാണ് ശ്രീധരീയം സ്ഥാപനങ്ങളുടെ ചുമതല അദ്ദേഹം ഏറ്റെടുക്കുന്നത്.
ഡോ എന്‍ പി പി നമ്പൂതിരിയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് അനുശോചനം രേഖപ്പെടുത്തി. ആയുര്‍വേദത്തിലെ നേത്ര ചികിതിസാ വിഭാഗത്തിന് വിലപ്പെട്ട സംഭാവനകള്‍ നല്കിയ വ്യക്തിയായിരുന്നു എന്‍ പി പിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
ശവസംസ്കാരം ഇന്ന് വൈകിട്ട് കൂത്താട്ടുകുളത്തെ വീട്ടു വളപ്പില്‍ നടക്കും.