കോഴിക്കോട്: ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം മൊബൈല്‍ ഫോണ്‍ ഉപയോഗത്തില്‍ മുന്‍പന്തിയിലാണെന്ന് ഗൂഗിള്‍ ഇന്ത്യ എംഡി രാജന് ആനന്ദ്. 2020 ആകുമ്പോഴേക്കും മൊബൈല്‍ ഉപയോഗത്തില്‍ സംസ്ഥാനം നൂറ് ശതമാനം കൈവരിക്കുമെന്നും അദ്ദേഹം പ്രത്യാശപ്രകടിപ്പിച്ചു.
കോഴിക്കോട് സൈബര്‍പാര്‍ക്കിലെ മൊബൈല്‍ ആപ്ലിക്കേഷന്‍ ഹബ് ഉദ്ഘാടനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി പിണറായി വിജയന് വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന്റെ സഹകരണത്തോടെ ഇന്റര്‍നെറ്റ് ആന്‍ഡ് മൊബൈല്‍ അസോസിയേഷന് ഓഫ് ഇന്ത്യയുടെ സംരംഭമായ മൊബൈല്‍ 10X ആണ് കോഴിക്കോട് സൈബര്‍ പാര്‍ക്കിലെ മൊബൈല്‍ ആപ്പ് ഇന്‍ക്യുബേറ്റര്‍ സ്ഥാപിക്കുന്നത്. കേരളത്തിലെ ആദ്യത്തേതും രാജ്യത്തെ നാലാമത്തെതുമാണ് സൈബര്‍ പാര്‍ക്കിലെ മൊബൈല്‍ ആപ്പ് ഇന്‍ക്യുബേറ്റര്‍.
2020 ആകുമ്പോഴേക്കും കേരളം മൊബൈല്‍ ഫോണ്‍ ഉപയോഗത്തില്‍ നൂറുശതമാനം കൈവരിക്കുമെന്ന് ചടങ്ങില്‍ പങ്കെടുത്ത രാജന് ആനന്ദ് പ്രത്യാശ പ്രകടിപ്പിച്ചു.
മൊബൈല്‍ ആപ്ലിക്കേഷന്‍ രംഗത്ത് ഏറെ അവസരങ്ങള്‍ നല്‍കുന്നതാണ് സൈബര്‍ പാര്‍ക്കിലെ പുതിയ സംരംഭം. ഗൂഗിള്‍, ഫേസ്ബുക്ക് എന്നിവയുടെ സേവനം കേന്ദ്രത്തില്‍ ലഭിക്കും. നിക്ഷേപകരെ കണ്ടെത്താനും ഉല്പന്നം വിപണിയില്‍ എത്തിക്കാനും കേന്ദ്രത്തിലെ സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് സഹായം ലഭ്യമാക്കും. ബംഗളൂരു, ഹൈദരാബാദ്, ഗുരുഗ്രാം എന്നിവിടങ്ങളിലാണ് ഐമായുടെ നേതൃത്വത്തില്‍ ഇന്‍ക്യൂബേഷന്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.