അബുദാബി: യു.എ.ഇയിലെ ഹിന്ദു വിശ്വാസികള്‍ ഏറെ കാലമായി കാത്തിരിക്കുന്ന ക്ഷേത്രം നിര്‍മാണത്തിന്റെ ഭൂമിപൂജ പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വ്വഹിക്കും. ഞായറാഴ്ച രാവിലെ 10.30ന് അബുദാബി-ദുബായ് ദേശീയപാതക്ക് സമീപം അല്‍ റഹ്ബയിലാണ് പൂജ നടക്കുന്നത്. അബുദാബി ഗവണ്മെന്റ് അനുവദിച്ച 55,000 ചതുരശ്ര മീറ്റര്‍ സ്ഥലത്താണ് ക്ഷേത്രസമുച്ചയം ഉയരുന്നത്.
52 രാജ്യങ്ങളിലായി 1200 ഓളം ക്ഷേത്രങ്ങള്‍ പണിത ‘ബോച്ചാച്ചന്വാസി അക്ഷര്‍ പുരുഷോത്തം സംസ്ഥ’ എന്ന പ്രസ്ഥാനമാണ് അബുദാബിയിലെ ഈ ക്ഷേത്രനിര്‍മ്മാണത്തിന് ചുക്കാന്‍ പിടിക്കുന്നത്. ഈശ്വര്‍ദാസ് സ്വാമി, സാധു ബ്രഹ്മവിഹാരി ദാസ് സ്വാമി എന്നിവര്‍ ഭൂമി പൂജയ്ക്ക് നേതൃത്വം നല്‍കും. 2020ഓടെ ക്ഷേത്രത്തിന്റെ പണി പൂര്‍ത്തിയാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.