ദുബായ്: ഗള്‍ഫ് മേഖലയെ സാമ്പത്തിക വെല്ലുവിളികള്‍ വേട്ടയാടുമ്പോഴും ദുബായ് ഇന്നും ലോകത്തെ വിശ്വസ്തമായ നിക്ഷേപ കേന്ദ്രം തന്നെയാണ് എന്ന് ഒരിക്കല്‍ കൂടി തെളിയുന്നു. നേരിട്ടുള്ള വിദേശനിക്ഷേപം ഏറ്റവുമധികമുള്ള ലോകത്തെ ഏഴാമത്തെ നഗരമാണ് ദുബായ് എന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു.
ദുബായ് സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകളില്‍ 2011 – 2015 കാലയളവില്‍ ദുബായ്ക്ക് ലഭിച്ചത് 270.8 ബില്യന്‍ ദിര്‍ഹത്തിന്റെ വിദേശ നിക്ഷേപമാണ്. 2016 ല്‍ നേരിട്ടുള്ള വിദേശനിക്ഷേപം 25.5 ബില്യന്‍ ദിര്‍ഹമായിരുന്നു.
ആഗോളമായി സംഭവിക്കുന്ന സാമ്പത്തിക മാറ്റങ്ങള്‍ തുറന്ന സമ്പദ്ഘടനയുള്ള ദുബായില്‍ പ്രതിഫലിക്കുക സ്വാഭാവികമാണ് എന്ന് താത്കാലികമായ സാമ്പത്തിക വെല്ലുവിളികളെ പരാമര്‍ശിച്ച് അധികൃതര്‍ പറയുന്നു. 376.8 ബില്യന്‍ ദിര്‍ഹത്തിന്റെ ദുബായ് സമ്പദ് രംഗം ഈ വര്‍ഷം 3.5 ശതമാനത്തിന്റെ വളര്‍ച്ച കൈവരിക്കുമെന്ന് ദുബായ് വാര്‍ഷിക നിക്ഷേപ സംഗമത്തിന്റെ ചീഫ് എക്സിക്യൂട്ടീഴ് ഓഫീസര്‍ ദാവൂദ് അല്‍ ഷെസാവി പറഞ്ഞു.
ഏപ്രില്‍ 9 മുതല്‍ 11 വരെ നടക്കുന്ന നിക്ഷേപക സംഗമത്തില്‍ കൂടുതല്‍ വിദേശനിക്ഷേപം പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. 2017 ല്‍ ദുബായില്‍ സജീവമായ വ്യാപാര, വാണിജ്യ സ്ഥാപനങ്ങളുടെ എണ്ണം 1,48,842 ആയി ഉയര്‍ന്നു. ഇതില്‍ 19,877 ലൈസന്‍സുകള്‍ പുതുതായി ആരംഭിച്ചവയാണ്. പുതിയ ലൈസന്‍സ് നേടിയവരില്‍ ഇന്ത്യക്കാരാണ് മുന്നില്‍.
ശക്തമായ നേതൃത്വത്തിന്റെ സഹായത്തോടെ, ദുബായിലെ പൊതു, സ്വകാര്യ സ്ഥാപനങ്ങള്‍ വാണിജ്യം, വിനോദസഞ്ചാരം, നിര്‍മ്മാണം, ചില്ലറ വ്യാപാരം എന്നീ മേഖലകളില്‍ വലിയതോതില്‍ വിദേശനിക്ഷേപം ആകര്‍ഷിച്ചതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.