കണ്ണൂര്‍: രാഷ്ട്രീയ നേട്ടത്തിനു വേണ്ടി സിപിഎം രാഷ്ട്രവിരുദ്ധ ശക്തികളെ താലോലിക്കുകയാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്. ജിഹാദി ഭീകരതയ്ക്കെതിരെ ബിജെപി കൂത്തൂപറമ്പില്‍ സംഘടിപ്പിച്ച പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തീവ്രവാദ ശക്തികളുടെ ദേശ ദ്രോഹ പ്രവര്‍ത്തനങ്ങള്‍ക്ക് നേരെ സിപിഎം ഭരണകൂടം കണ്ണടയ്ക്കുകയാണ്. കണ്ണവത്തെ ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്ന ശ്യാമപ്രസാദിന്റെ കൊലപാതകത്തിന്റെ പിന്നിലുളള ഗൂഢാലോചയെക്കുറിച്ച് അന്വേഷണം നടത്താന്‍ പോലീസ് വൈമുഖ്യം കാണിക്കുന്നതിനു പിന്നിലും തീവ്രവാദ ശക്തികളോടുളള മൃദു സമീപനമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ശ്യാമപ്രസാദിന്റെ കൊലയ്ക്ക് പിന്നിലെ ഗൂഢാലോചനക്കാരെ പുറത്തു കൊണ്ടുവരണമെന്നും കേസ് എന്‍ഐഎക്ക് കൈമാറാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണമെന്നും പോപ്പുലര്‍ഫ്രണ്ടിനെ നിരോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ചിലര്‍ രാജ്യത്ത് അരാജകത്വമാണെന്ന് രാഷ്ട്ര വിരുദ്ധ ശക്തികളോടൊപ്പം ചേര്‍ന്ന് ചിലര്‍ ബോധപൂര്‍വ്വം പ്രചരിപ്പിക്കുകയാണ്.രാഷ്ട്രീയ നേട്ടത്തിനു വേണ്ടി കുപ്രചരണങ്ങള്‍ നടത്തി നാട്ടില്‍ കലാപമുണ്ടാക്കാനും അരക്ഷിതാവസ്ഥ സൃഷ്ടിക്കാനും ശ്രമിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും ഇതിനെതിരെ ശക്തമായ ചെറുത്തു നില്‍പ്പുകള്‍ക്ക് സംഘപരിവാര്‍ സംഘടനകള്‍ തയ്യാറാകുമെന്നും അദ്ദേഹം പറഞ്ഞു.