India

ഭീകരര്‍ തോറ്റു ആ സൈനികന്റെ നിശ്ചയദാര്‍ഢ്യത്തിനു മുന്നില്‍

ജമ്മു: ആയുധമേന്തിയ ഒരു കൂട്ടം ഭീകരര്‍ക്കു മുന്നില്‍ വെറും കയ്യോടെ നില്‍ക്കുമ്പോഴും മദല്‍ ലാല്‍ ഭയപ്പെട്ടില്ല. നെഞ്ചിനുള്ളിലേക്ക് വെടിയുണ്ടകള്‍ തുളച്ചു കയറുമ്പോഴും ഏതു വിധേനയും തന്റെ കുടുംബാംഗങ്ങളെ രക്ഷിക്കണമെന്ന ചിന്ത മാത്രമേ ആ മനസില്‍ അപ്പോള്‍ ഉണ്ടായിരുന്നുള്ളു. 50 വയസുകാരനായ മദന്‍ ലാല്‍ ചൗധരി എന്ന ആ ധീര സൈനികന്റെ നിശ്ചയദാര്‍ഢ്യത്തിനു മുന്നിലാണ് നിറതോക്കുകളുമായെത്തിയ ഭീകരര്‍ മുട്ടു മടക്കിയത്.

ജമ്മു കശ്മീരില്‍ സുജ്വാന്‍ സൈനികക്യാമ്പിനു നേരെയുണ്ടായ ആക്രമണത്തിലാണ് സുബേദാറായ മദന്‍ ലാല്‍ ചൗധരി വീരമൃത്യു വരിച്ചത്. ബന്ധുവിന്റെ വിവാഹത്തിന് ആവശ്യമായ സാധനങ്ങള്‍ വാങ്ങുന്നതിനായാണ് മദന്‍ ലാലിന്റെ കുടുംബാംഗങ്ങള്‍ മിലിട്ടറി സ്റ്റേഷനിലെ ക്വാര്‍ട്ടേഷ്‌സില്‍ എത്തുന്നത്. അതിനടുത്ത ദിവസമാണ് ഭീകരര്‍ ഇവിടെ ആക്രമണത്തിനായി എത്തുന്നത്. അക്രമികള്‍ തങ്ങള്‍ക്കരികിലും എത്തി എന്നു മനസിലാക്കിയ മദന്‍ ലാല്‍ വളരെ തന്ത്രപരമായാണ് ഓരോ കുടുംബാംഗങ്ങളെയും ക്വാര്‍ട്ടേഷ്‌സിന് പുറത്ത് എത്തിച്ചത്. വീടിന്റെ പുറകുവശം വഴി എല്ലാവരെയും പുറത്തെത്തിക്കാന്‍ സഹോദരന് നിര്‍ദ്ദേശം നല്‍കിയ ശേഷം ഭീകരര്‍ അവിടേക്കു കടക്കുന്നതു മദന്‍ ലാല്‍ തടയുകയും ചെയ്തു. രക്ഷപെടുന്നതിനിടയില്‍ മദന്‍ ലാലിന്റെ മകള്‍ നേഹയ്ക്ക് വെടിയുണ്ട കൊണ്ട് കാലിന് പരിക്കേറ്റിട്ടുണ്ട്. ബന്ധുവായ പരംജീതിനും ചെറിയ പരിക്ക് പറ്റിയിട്ടുണ്ട്. തന്റെ ഈ പ്രവൃത്തിയിലൂടെ ദുരന്തത്തിന്റെ വ്യാപ്തി കുറയ്ക്കുന്നതില്‍ മദന്‍ ലാല്‍ വഹിച്ച പങ്ക് ചെറുതല്ല.

കഴിഞ്ഞ ദിവസം വരെ അദ്ദേഹത്തിന്റെ പ്രായമായ മാതാപിതാക്കള്‍ ചൗധരിയുടെ മരണത്തെക്കുറിച്ച് അറിഞ്ഞിരുന്നില്ല. വീട്ടിലേക്ക് പല ആളുകളും ബന്ധുക്കളും എത്തിയപ്പോഴും അവര്‍ ഒന്നും അറിഞ്ഞില്ല. മദന്‍ ലാല്‍ ചൗധരിയുടെ ഭാര്യ കരംജീതും സഹോദരന്‍ ഷംഷേറും പറയുമ്പോഴാണ് മകന്റെ വിയോഗത്തെക്കുറിച്ച് അച്ഛന്‍ ഇന്ദര്‍ ചന്ദും അമ്മ ബന്തി ദേവിയും അറിയുന്നത്.

കുടുംബത്തിലെ ഒരു അംഗത്തിനു പോലും ഒരു ചെറു പോറല്‍ പോലും പറ്റരുത് എന്നാഗ്രഹിച്ചാണ് മാരകായുധങ്ങളുമായെത്തിയ ഭീകരരെ വെറും കയ്യോടെ നേരിടാന്‍ മദന്‍ ലാല്‍ തയ്യാറായത്. സുബേദാര്‍ പദവിയില്‍ നിന്നും ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസര്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടിരിക്കുകയായിരുന്നു ചൗധരി.

കത്വ ജില്ലയിലെ അതിര്‍ത്തി ഗ്രാമമായ ഹിരാനഗറിലെ ജനങ്ങള്‍ ഇന്ന് നാടിനു വേണ്ടി ജീവന്‍ കൊടുത്ത തങ്ങളുടെ വീരപുത്രന്റെ പേരില്‍ അഭിമാനം കൊള്ളുകയാണ്. മദന്‍ ലാലിന്റെ മൂത്ത സഹോദരനായ സുരീന്ദറും തന്റെ അനുജന്റെ പ്രവൃത്തിയില്‍ ഏറെ അഭിമാനം കൊള്ളുന്നു. അവന്‍ ഇത്തരത്തില്‍ പ്രവര്‍ത്തിച്ചില്ലായിരുന്നുവെങ്കില്‍ കുടുംബത്തിലെ ഒരംഗം പോലും ബാക്കി ഉണ്ടാകുമായിരുന്നില്ല. ആ സമയത്ത് അവന്‍ വളരെ അധികം ധൈര്യം പ്രകടിപ്പിച്ചിരുന്നുവെന്നും സുരീന്ദര്‍ പറഞ്ഞു.

മദന്‍ ലാലിന്റെ കുടുംബത്തില്‍ രാഷ്ട്ര സേവനത്തിനായി ജീവിതം ഉഴിഞ്ഞു വച്ചവര്‍ ഇനിയുമുണ്ട്. മദന്‍ ലാലിന്റെ മൂതിര്‍ന്ന സഹോദരന്‍ ഷംഷേര്‍ സിങ്ങും മുന്‍ ആര്‍മി ജീവനക്കാരനാണ്. അദ്ദേഹത്തിന്റെ മകന്‍ അങ്കുഷ് ഇന്ത്യന്‍ ആര്‍മിയില്‍ ക്യാപ്റ്റനും മരുമകനായ സന്ദീപ് എയര്‍ ഫോഴ്‌സിലും ജോലി നോക്കുകയാണ്. ഏപ്രിലില്‍ സന്ദീപിന്റെ വിവാഹം നടക്കാനിരിക്കുന്നതിന്റെ സന്തോഷത്തിലായിരുന്നു കുടുംബാംഗങ്ങള്‍. ഈ സമയത്താണ് കുടുംബത്തിലേക്ക് ഇത്തരത്തിലൊരു ദു:ഖ വാര്‍ത്ത എത്തുന്നത്.

സുജ്വാനില്‍ നടന്ന ഭീകരാക്രമണത്തില്‍ അഞ്ച് സൈനികരും ഒരു തദ്ദേശീയനും കൊല്ലപ്പെട്ടിരുന്നു. 11 പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു.

5K Shares

Please scroll down for comments

Close
Close