Kerala

ഗൗരി നേഘയുടെ മരണം; പ്രിന്‍സിപ്പലിനോട് അവധിയില്‍ പോകാന്‍ മാനേജ്‌മെന്റ്

കൊല്ലം: കൊല്ലം ട്രിനിറ്റി ലൈസിയം സ്‌കൂള്‍ പ്രിന്‍സിപ്പലിനോട് അവധിയില്‍ പോകാന്‍ മാനേജ്‌മെന്റ് നിര്‍ദേശിച്ചു. പ്രിന്‍സിപ്പല്‍ ഷെവലിയാര്‍ ജോണിന്റെ കരാര്‍ പുതുക്കേണ്ടെന്നും മാനേജ്‌മെന്റ് തീരുമാനിച്ചു. ഗൗരി നേഘയുടെ മരണവുമായി ബന്ധപ്പെട്ട കേസിലെ അദ്ധ്യാപികമാരെ ആഘോഷപൂര്‍വം തിരിച്ചെടുത്തതാണ് നടപടിക്ക് കാരണം. ഗൗരി നേഘ കേസില്‍ ആരോപണവിധേയരായ അധ്യാപികമാരെ ആഘോഷപൂര്‍വം തിരിച്ചെടുത്തത് തെറ്റാണെന്ന് മാനേജ്‌മെന്റ് വിലയിരുത്തി.

വിരമിക്കാന്‍ ഒന്നരമാസം കൂടി ബാക്കിയുള്ളപ്പോഴാണ് പ്രിന്‍സിപ്പലിനോട് അവധിയില്‍ പ്രവേശിക്കാന്‍ മാനേജ്‌മെന്റ് നിര്‍ദ്ദേശിച്ചത്. വിരമിക്കുന്നതുവരെ അവധിയില്‍ പോകാനാണ് പ്രിന്‍സിപ്പലിനോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്. പ്രിന്‍സിപ്പലിനെ നീക്കാന്‍ വിദ്യാഭ്യാസ വകുപ്പ് സ്‌കൂള്‍ മാനേജ്‌മെന്റിനോട് നിര്‍ദ്ദേശിച്ചിരുന്നു. അണ്‍എയ്ഡഡ് സ്‌ക്കൂള്‍ മാനേജ്‌മെന്റ് അസോസിയേഷനും പ്രിന്‍സിപ്പളിനെതിരേ രംഗത്തെത്തിയിട്ടുണ്ട്.

അതേ സമയം മനേജ്മെന്റിന്റെ ഈ നടപടി ഒത്തുകളിയാണെന്ന് ഗൗരി നേഘയുടെ അച്ഛന്‍ പ്രതികരിച്ചു. ശമ്പളത്തോടെ അവധി കൊടുത്തത് ഇത് തെളിയിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

കേസില്‍ ആരോപണ വിധേയരായ അധ്യാപകരെ ആഘോഷപൂര്‍വ്വം തിരികെ പ്രവേശിപ്പിച്ചത് സമൂഹ മനസാക്ഷിയോടുള്ള വെല്ലുവിളിയാണെന്ന് വിദ്യാഭ്യാസ വകുപ്പ് നേരത്തെ മാനേജ്മെന്റിന് നല്‍കിയ കത്തില്‍ വ്യക്തമാക്കിയിരുന്നു. കേക്കു മുറിച്ച് അവരെ സ്വീകരിച്ചതിനും തിരിച്ചെടുത്തതിനും പല കുറി വിശദീകരങ്ങള്‍ ചോദിച്ചിട്ടും പ്രിന്‍സിപ്പാള്‍ നല്‍കിയില്ല. ആഘോഷം പ്രിന്‍സിപ്പലാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ചിത്രം സഹിതം പ്രചരിപ്പിച്ചത്. ഈ സ്ഥാനത്തിരുന്ന് പ്രിന്‍സിപ്പള്‍ ചെയ്തത് ഒട്ടും ശരിയായ നടപടിയല്ലെന്നും കത്തില്‍ ചൂണ്ടിക്കാട്ടി. സമാന സംഭവങ്ങളുണ്ടായാല്‍ സ്‌കൂളിന്റെ അംഗീകാരം റദ്ദാക്കുന്നതടക്കമുള്ള നടപടികളിലേക്ക് നീങ്ങുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Shares 155

Post Your Comments

Close
Close