കൊച്ചി: പൊന്നുരുന്നിയിലെ ക്രൈസ്റ്റ് ദി കിംഗ് കോണ്‍വെന്റിലെ ഹോസ്റ്റല്‍ പൂട്ടാന്‍ തീരുമാനം. ജൂവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം രജിസറ്റര്‍ ചെയ്യാത്തതിനാല്‍ മാര്‍ച്ച് 31 വരെ മാത്രമേ സ്ഥാപനം പ്രവര്‍ത്തിക്കുകയുള്ളൂവെന്ന് അധികൃതര്‍ ശിശു ക്ഷേമ സമിതിയെ അറിയിച്ചു.
സ്ഥാപനത്തിലെ അസൗകര്യങ്ങള്‍ ചൂണ്ടിക്കാട്ടി അന്തേവാസികളായ കുട്ടികള്‍ കഴിഞ്ഞ ദിവസം പരസ്യമായി പ്രതിഷേധിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ഇന്ന് രാവിലെ ശിശുക്ഷേമ സമിതി കുട്ടികളുടെ മൊഴി എടുത്തിരുന്നു. രണ്ട് മണിക്കൂറോളമാണ് മൊഴി എടുക്കല്‍ നീണ്ടുനിന്നത്. കോണ്‍വെന്റില്‍ മാനസികമായും ശാരീരികമായും കുട്ടികള്‍ പീഡിപ്പിക്കപ്പെട്ടതായി ശിശുക്ഷേമ സമിതി കണ്ടെത്തി.
മാര്‍ച്ച് 31 വരെ കുട്ടികള്‍ സ്ഥാപനത്തില്‍ തുടരും. കുട്ടികളുടെ സുരക്ഷ ഉറപ്പു വരുത്താന്‍ നടപടി സ്വീകരിച്ചതായി ശിശുക്ഷേമസമിതി ചെയര്‍പഴ്സണ്‍ പത്മജ അറിയിച്ചു. പോലീസ് ആഴ്ചയില്‍ 3 തവണ സ്ഥാപനം സന്ദര്‍ശിക്കും. ജില്ല ശിശു സംരക്ഷണ ഓഫിസറും ആഴ്ചയില്‍ ഒരു തവണ സ്ഥാപനത്തിലെത്തും.അടുത്ത അധ്യയന വര്‍ഷം കുട്ടികളെ എവിടെ പാര്‍പ്പിക്കണമെന്ന് പിന്നീട് തീരുമാനിക്കുമെന്നും ശിശുക്ഷേമ സമിതി അധികൃതര്‍ പറഞ്ഞു