കണ്ണൂർ : മട്ടന്നൂരിൽ യൂത്ത്കോൺഗ്രസ് നേതാവിനെ വെട്ടിക്കൊന്നു.മട്ടന്നൂർ ബ്ളോക്ക് സെക്രട്ടറി ഷുഹൈബിനെയാണ് വെട്ടിക്കൊന്നത്.കൊലപാതകത്തിന് പിന്നിൽ സിപിഎമ്മാണെന്ന് കോൺഗ്രസ് ആരോപിച്ചു.
ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം . തെരൂരിലെ തട്ടുകടയിൽ ചായകുടിക്കുകയായിരുന്ന ഷുഹൈബിനെ കാറിലെത്തിയ സംഘം ബോംബെറിഞ്ഞതിനു ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
കോൺഗ്രസ് പ്രവർത്തകരായ രണ്ട് പേർക്ക് ആക്രമണത്തിൽ പരിക്കേറ്റു. ഇവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എടയന്നൂർ ഹൈസ്കൂളിൽ കെഎസ്യു- എസ്എഫ്ഐ സംഘർഷത്തെ തുടർന്ന് ഷുഹൈബ് റിമാൻഡിലായിരുന്നു .
കൊലപാതകത്തിൽ പ്രതിഷേധിച്ച് കണ്ണൂർ ജില്ലയിൽ കോൺഗ്രസ് ആഹ്വാനം ചെയ്ത ഹർത്താൽ ആരംഭിച്ചു. ശിവരാത്രിയായതിനാൽ വാഹനങ്ങളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.