കുപ്വാര : അഷ്റഫ് നിനക്ക് മരണമില്ല, ധീരനായ ഭാരതപുത്രാ ഞങ്ങളിലൂടെ നീയെന്നും ജീവിക്കും,തൊണ്ട പൊട്ടുമാറുച്ചത്തിൽ വിളിച്ചു പറഞ്ഞ് അവർ തങ്ങളുടെ വീര സൈനികന് അന്ത്യാഭിവാദ്യമർപ്പിച്ചു.
സുജ്വാൻ ഭീകരാക്രമണത്തിൽ വീരമൃത്യൂ വരിച്ച സുബേദാർ മുഹമ്മദ് അഷ്റഫ് മിറിന്റെ അന്തിമ ചടങ്ങുകൾക്ക് കശ്മീർ താഴ്വരയിൽ നിന്നുള്ള ജനങ്ങൾ ഒന്നടങ്കമാണ് എത്തിയത്.
കുപ്വാര ജില്ലയിലെ മൈദാൻപോര ലോലാബ് എന്ന ഗ്രാമം അക്ഷരാർത്ഥത്തിൽ കണ്ണീരടക്കി അഭിമാനം കൊള്ളുകയായിരുന്നു തങ്ങളുടെ പ്രിയ പുത്രനെ ഓർത്ത്.
അഷ്റഫിനെ നേരിട്ട് പരിചയമില്ലാത്ത അയൽ ഗ്രാമവാസികൾ പോലും വിലാപയാത്രയിലും മരണാന്തര ചടങ്ങുകളിലും പങ്കെടുക്കാനായെത്തിയിരുന്നു.പലരുടെയും കൈകളിൽ ഇന്ത്യൻ പതാകകളും ഉണ്ടായിരുന്നു.
അഷ്റഫിനും,ഇന്ത്യക്കും ജയ് വിളിക്കുന്നവർ പാകിസ്ഥാനെതിരെ മുദ്രാവാക്യങ്ങൾ വിളിക്കുന്നതും കേൾക്കാമായിരുന്നു.
പാകിസ്ഥാനിൽ നിന്നുള്ള ജയ്ഷെ മുഹമ്മദ് ഭീകരർ ശനിയാഴ്ച പുലർച്ചെയാണ് ജമ്മുവിലെ സുജ്വാൻ കരസേനാ ക്യാംപ് ആക്രമിച്ചത്.അഞ്ചു സൈനികരാണ് ആക്രമണത്തിൽ വീരമൃത്യൂ വരിച്ചത്.