കൊച്ചി: ആസൂത്രിത മത പരിവര്‍ത്തനത്തിന് ഇരയായവരുടെ കുടുംബങ്ങള്‍ ചേര്‍ന്ന് പുതിയ സംഘടന രൂപികരിച്ചു. കേരളത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് ഇരയായ പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ക്ക് നീതി ലഭിക്കാത്ത സാഹചര്യമാണ്. സര്‍ക്കാര്‍ ഇന്നെവരെ തങ്ങളെ സഹായിക്കുവാന്‍ തയ്യാറായിട്ടില്ല ഈ സാഹചര്യത്തിലാണ് ഇത്തരം ഒരു സംഘടന രൂപികരിക്കാന്‍ കാരണം. വൈക്കം സ്വദേശി അഖിലയുടെ അച്ഛന് അശോകനും നിമിഷയുടെ മാതാവ് ബിന്ദുവും ചേര്‍ന്ന് നടത്തിയ സംയുക്ത വാര്‍ത്ത സമ്മേളത്തിലാണ് ഇത് വ്യക്തമാക്കിയത്.
വളരെ പ്രതീക്ഷകളോടെ വളര്‍ത്തിവലുതാക്കിയ പെണ്‍കുട്ടികളെ ഭീകരവാദികള്‍ പ്രണയം നടിച്ച് മതപരിവര്‍ത്തനം ചെയ്ത് തട്ടിക്കൊണ്ട് പോകുമ്പോള്‍ നിസ്സാഹായരായി നോക്കി നില്ക്കുവാന് മാത്രം വിധിക്കപ്പെട്ടവരാണ് കേരളത്തിലെ മാതാപിതാക്കള്‍. പൊലീസും സര്‍ക്കാറും ഭീകരവാദികളെ സഹായിക്കുന്ന നിലപാടാണ് സ്വീകരിച്ചു വരുന്നത്. ഈ സാഹചര്യത്തില്‍ സമൂഹ മനസാക്ഷിയെ ഉണര്‍ത്തുവാനാണ് ഇപ്പോള്‍ ഇങ്ങനെയൊരു സംഘടന രൂപീകരിക്കുവാന്‍ കാരണമെന്ന് നിമിഷയുടെ മാതാവ് ബിന്ദു വ്യക്തമാക്കി.
പ്രണയം നടിച്ചുള്ള മതപരിവര്‍ത്തനത്തിന് ഇരയാകേണ്ടിവന്ന 30 പെണ്‍കുട്ടികളുടെ കുടുംബങ്ങള്‍ ഇതിനോടകം തങ്ങളുടെ സംഘടനയില്‍ ചേര്‍ന്നുകഴിഞ്ഞുവെന്നും, സര്‍ക്കാറും പൊലീസും നിഷ്ക്രിയരായ സാഹചര്യത്തില്‍ സ്വന്തം കുടുംബത്തിന്റെ സുരക്ഷിതത്വം സ്വയം ഏറ്റെടുക്കേണ്ടി വരും. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും അവരുടെ ദേശീയ നേതാക്കളും ഭീകരര്‍ക്ക് കൂട്ട് നില്‍ക്കുകയാണെന്നും അഖിലയുടെ അച്ഛന് അശോകന് പറഞ്ഞു.
ഇതുവരെ വിവിധ അന്വേഷണ ഏജന്‍സികള്‍ നടത്തിയ അന്വേഷണത്തില്‍ കുറ്റം ചെയ്തവരേയും അതിന് കൂട്ട് നിന്നവരുമായ പലവ്യക്തികളേയും സംഘടനകളേയും തിരിച്ചറിഞ്ഞുവെങ്കിലും അവര്‍ക്കെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാരിനോ പൊലീസിനോ സാധിച്ചിട്ടില്ലെന്നും അവര്‍ കുറ്റപ്പെടുത്തി.
അതേസമയം പുതിയ സംഘടനയുടെ പേരോ ഭാരവാഹികളേയോ തീരുമാനിച്ചിട്ടില്ലെന്നും ഇവര്‍ വ്യക്തമാക്കി.