മുംബൈ: ബജറ്റിന്റെ ലക്ഷ്യം രാജ്യത്തിന്റെ ഉത്പ്പാദന ശേഷി വർധിപ്പിക്കുകയാണെന്ന് പ്രധാനമന്ത്രി. വികസനത്തിനുള്ള വ്യക്തമായ ആസൂത്രണം രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മുബൈയിൽ ഗ്ലോബൽ ഇൻവെസ്റ്റേഴ്സ് സമ്മിറ്റ് ഉദ്ഘാടനം ചെയ്യവെയാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്.
10 ലക്ഷം കോടിയുടെ നിക്ഷേപ സാധ്യതകളാണ് മഹാരാഷ്ട്രയിൽ നടക്കുന്ന ഗ്ലോബൽ ഇൻവെസ്റ്റേഴ്സ് സമ്മിറ്റിലൂടെ മഹാരാഷ്ട്ര സർക്കാർ ലക്ഷ്യമിടുന്നത്. 35 ലക്ഷം പേർക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സമ്മിറ്റിലൂടെ കഴിയുമെന്നാണ് പ്രതീക്ഷ.
സമ്മിറ്റ് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. രാജ്യം പുരോഗതിയിലേക്ക് സഞ്ചരിക്കുകയാണ്. മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതി ഇന്ത്യയെ ലോക വിപണിയിൽ ഒന്നാക്കി മാറ്റും. രാജ്യത്തിന്റെ പൊതു ബജറ്റ് വിഹിതത്തിൽ ഒതുക്കുന്നതല്ല, വ്യക്തമായ ആസൂത്രണത്തോടു കൂടി നടപ്പിലാക്കാനുള്ള പദ്ധതികളാണ്. രാജ്യത്തിന്റെ ഉത്പ്പാദന ശേഷി വർധിപ്പിക്കുകയാണ് ബജറ്റിന്റെ ലക്ഷ്യമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ബജറ്റിൽ അനുവദിച്ച തുക കൃത്യ സമയത്ത് തന്നെ അതാത് പദ്ധതികൾക്കായി വിനിയോഗിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. വ്യവസ്ഥകളിലും നിയമങ്ങളിലും ഭേദഗതി ചെയ്തു കൊണ്ട് സർക്കാർ വ്യവസായ സംരംഭങ്ങൾ ആരംഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ലഘുവും സുതാര്യവുമാക്കി.
പ്രഖ്യാപിച്ച പദ്ധതികളെല്ലാം പ്രാവർത്തികമാക്കുന്ന മഹാരാഷ്ട്ര സർക്കാരിനെ അഭിനന്ദിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു. നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ തറക്കല്ലിടൽ കർമവും പ്രധാനമന്ത്രി നിർവഹിച്ചു.