റോഡ് മുറിച്ച് കടക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവർക്ക് അബുദാബി പോലീസിന്റെ ജാഗ്രതാ നിർദേശം.തിരക്കുള്ള നിരത്തുകളിലൂടെ മൊബൈൽ നോക്കി നടക്കുന്നവർക്ക് പിഴ 200 ദിർഹത്തിൽ നിന്നും 400 ആക്കി ഉയർത്തിയതായി പോലീസ് അറിയിച്ചു.
റോഡ് മുറിച്ച് കടക്കുമ്പോൾ മൊബൈലിൽ സന്ദേശങ്ങൾ അയക്കുകയും പരിശോധിക്കുകയും ചെയുന്നത് വലിയ അപകടങ്ങൾക്ക് വഴിവെക്കുന്ന സാഹചര്യത്തിലാണ് പോലീസിന്റെ ജാഗ്രതാ നിർദേശം.
റോഡിലൂടെ നടക്കുന്ന ഒരാളുടെ മൊബൈൽ ഉപയോഗം ഒരുപാട് പേരുടെ ജീവന് പോലും ആപത്തുണ്ടാക്കിയേക്കാം. സിഗ്നലുകൾ പോലും പരിഗണിക്കാത്ത ഇത്തരം പ്രവണതകൾ അവസാനിപ്പിക്കാൻ ഓരോരുത്തരും തയ്യാറാവണമെന്ന് അബുദാബി പോലീസ് ഗതാഗത വകുപ്പ് ഉദ്യോഗസ്ഥൻ ജമാൽ അൽ അമീരി പറഞ്ഞു.
മുഴുവൻ സമയവും സ്മാർട്ട് ഉപകരണങ്ങളിൽ ചിലവഴിക്കുന്നവരാണ് ഭൂരിഭാഗവും. അതുകൊണ്ട് തന്നെ ഇതുമൂലമുള്ള അപകടങ്ങൾ പലയിടങ്ങളിലും ഉണ്ടാവാനും സാധ്യതകൂടുതലാണെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി . തിരക്കുള്ള നിരത്തുകളിലൂടെ മൊബൈൽ നോക്കി നടക്കുന്നവർക്ക് പിഴ 200 ദിർഹത്തിൽ നിന്നും 400 ആക്കി ഉയർത്തി. ട്രാഫിക് സിഗ്നലുകൾ നോക്കാതെ റോഡ് മുറിച്ച് കടക്കുന്നവർക്കും ഇതേ പിഴയാണ് ചുമത്തുക.