ന്യൂഡല്‍ഹി: വരുന്ന കോമണ്‍വെല്‍ത്ത് ഉദ്ഘാടന ദിന പരേഡില്‍ പുതിയ വേഷത്തില്‍ ഇറങ്ങാനൊരുങ്ങി ഇന്ത്യന്‍ വനിതകള്‍. വര്‍ഷങ്ങളായി സാരിയിലാണ് ഇന്ത്യന്‍ ടീം വനിതകള്‍ പരേഡില്‍ പങ്കെടുത്തിരുന്നത്. എന്നാല്‍ ഇത്തവണ കോട്ടും സ്യൂട്ടുമണിഞ്ഞായിരിക്കും ടീം അംഗങ്ങള്‍ എത്തുന്നത്. ഓസ്ട്രേലിയയിലെ ഗോള്‍ഡ് കോസ്റ്റില്‍ ഏപ്രില്‍ നാലിനാണ് മത്സരങ്ങള്‍ ആരംഭിക്കുന്നത്.
ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനാണ് തീരുമാനം എടുത്തത്. കൂടുതല്‍ സമയം സാരി ഉടുത്ത് നടക്കുന്നതിലുള്ള ബുദ്ധിമുട്ട് പല താരങ്ങളും നിരന്തരമായി ഉന്നയിച്ചിരുന്നു. വനിത താരങ്ങളുടെ സൗകര്യം കണക്കിലെടുത്താണ് വേഷവിധാനത്തില്‍ മാറ്റം വരുത്തുന്നതെന്ന് ഐഒഎ സെക്രട്ടറി രാജീവ് മേത്ത അറിയിച്ചു. ഇത് പ്രകാരം സ്ത്രീകളും പുരുഷന്മാരും നേവി ബ്ലൂ നിറത്തിലുള്ള കോട്ടും സ്യൂട്ടുമായിരിക്കും അണിയുക.
2016 റിയോ ഒളിമ്പിക്സിന്റെ ഉദ്ഘാടന ചടങ്ങില്‍ സാരിയുടെ മുകളില്‍ കോട്ട് ധരിച്ചാണ് ഇന്ത്യന്‍ താരങ്ങള്‍ പ്രത്യക്ഷപ്പെട്ടത്.