ന്യൂഡല്‍ഹി: ഡല്‍ഹി ചീഫ് സെക്രട്ടറി അന്‍ഷു പ്രകാശിന് ആം ആദ്മി പാര്‍ട്ടി എംഎല്‍എമാരുടെ മര്‍ദ്ദനം. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ വീട്ടില്‍ വച്ചാണ് ഇദ്ദേഹത്തിന് മര്‍ദ്ദനമേല്‍ക്കുന്നത്. ചീഫ് സെക്രട്ടറി ബിജെപിയുടെ നിര്‍ദ്ദേശപ്രകാരം പ്രവര്‍ത്തിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം.
ഔദ്യോഗിക ചര്‍ച്ചകള്‍ക്കു വേണ്ടിയാണ് ചീഫ് സെക്രട്ടറി അരവിന്ദ് കെജ്രിവാളിന്റെ വസതിയില്‍ എത്തുന്നത്. പൗരന്മാര്ക്ക് സര്‍ക്കാര്‍ സേവനങ്ങള്‍ വീട്ടുപടിക്കലെത്തിക്കുന്ന പദ്ധതിയെക്കുറിച്ചുള്ള ആലോചനാ യോഗത്തിനിടെയാണ് സംഭവം. എഎപിയുടെ ഈ പദ്ധതി അടുത്തിടെ ലഫ്.ഗവര്‍ണര്‍ തടഞ്ഞിരുന്നു. യോഗത്തിനിടെ രണ്ട് ആം ആദ്മി എംഎല്‍എമാര്‍ ഇദ്ദേഹത്തെ അധിക്ഷേപിക്കുകയും മര്‍ദ്ദിക്കുകയും ചെയ്യുകയായിരുന്നു. മുഖ്യമന്ത്രിയുടെ മുന്പില് വച്ചായിരുന്നു സംഭവമെന്ന് ചീഫ് സെക്രട്ടറി ആരോപിച്ചു.
അതേ സമയം സംഭവത്തെ ഡല്‍ഹി അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് അസോസിയേഷന് ശക്തമായി അപലപിച്ചു. എംഎല്‍എമാര്‍ക്കെതിരെ എഫ്ഐആര്‍ ഫയല്‍ ചെയ്യാനും അസോസിയേഷന് തീരുമാനിച്ചു.