കൊച്ചി: കേന്ദ്ര സര്‍ക്കാരിനും ബിജെപിക്കും പിന്തുണ പ്രഖ്യാപിച്ച് യാക്കോബായ സഭ വിശ്വാസ പ്രഖ്യാപന റാലി. തങ്ങളുടെ ആരാധനാ സ്വാതന്ത്ര്യം നഷ്ടപ്പെട്ടപ്പോള്‍ സിപിഎമ്മോ കോണ്‍ഗ്രസ്സോ ഒപ്പമുണ്ടായില്ല. പ്രധാനമന്ത്രി നരേന്ദ്രമോദി വിശ്വാസ സ്വാതന്ത്ര്യം ഉറപ്പ് നല്‍കിയതായും യാക്കോബായ സഭ തലവന്‍ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയാര്‍ക്കീസ് ബാവ വ്യക്തമാക്കി.
കൊച്ചിയില്‍ നടന്ന വിശ്വാസ പ്രഖ്യാപന റാലിയിലാണ് യാക്കോബായ സഭ തങ്ങളുടെ രാഷ്ട്രീയ നിലപാട് പരസ്യമാക്കിയത്. കാലാകാലങ്ങളായി സിപിഎമ്മിനെയും കോണ്‍ഗ്രസ്സിനെയും മാറി മാറി പരീക്ഷിച്ചിട്ടുള്ള വിഭാഗമാണ് യാക്കോബായ സഭ. പക്ഷേ കോടതിവിധിയിലൂടെ തങ്ങളുടെ ആരാധനാലയങ്ങള്‍ നഷ്ടപ്പെടുന്ന സ്ഥിതിവിശേഷം ഉണ്ടായിട്ടും ഇക്കൂട്ടര്‍ ഇടപെട്ടില്ല.
എക്കാലവും ഒരേ നിലപാട് തന്നെ സ്വീകരിക്കുമെന്ന് കരുതേണ്ടെന്നും കേന്ദ്രം ഭരിക്കുന്ന കക്ഷിയെന്ന നിലയില്‍ ബിജെപിക്കൊപ്പം നീങ്ങാന്‍ താല്പര്യമുണ്ടെന്നും യാക്കോബായ സഭ സുന്നഹദേസ് സെക്രട്ടറി ജോസഫ് മാര്‍ ഗ്രിഗോറിയോസ് അഭിപ്രായപ്പെട്ടു.
ഭാരതത്തില്‍ തങ്ങളുടെ വിശ്വാസ സ്വാതന്ത്ര്യം സംരക്ഷിക്കാമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വാക്ക് നല്‍കിയതായി യാക്കോബായ സുറിയാനി സഭാ തലവന്‍ മോര് ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയാര്‍ക്കീസ് ബാവയും വ്യക്തമാക്കി. മുന്‍പ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ വേളയിലായിരുന്നു ഉറപ്പ് ലഭിച്ചതെന്നും ബാവ കൂട്ടിച്ചേര്‍ത്തു.
അതേസമയം ചെങ്ങന്നൂര്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പ് അടുത്തിരിക്കെ മണ്ഡലത്തില്‍ നിര്‍ണായക സ്വാധീനമുള്ള യാക്കോബായ സഭയുടെ രാഷ്ട്രീയ നിലപാട് ബിജെപിയെ സംബന്ധിച്ച് പ്രതീക്ഷ നല്‍കുന്നതാണ്. നേരത്തെ കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനവും യാക്കോബായാ സഭാ നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.