സുളള്യ: പ്രണയാഭ്യാര്‍ത്ഥന നിരസിച്ചതിന് മലയാളി വിദ്യാര്‍ത്ഥിനിയെ കര്‍ണാടക സുളള്യയില്‍ കുത്തിക്കൊന്നു. സുള്ള്യ നെഹ്റു മെമ്മോറിയല്‍ കോളേജിലെ രണ്ടാം വര്‍ഷ ബിഎസ്സ്.സി വിദ്യാര്‍ത്ഥിനിയും കാസര്‍കോട് ബദിയടുക്ക സ്വദേശിയുമായ അക്ഷത(19)യാണ് മരിച്ചത്. സംഭവത്തില്‍ അതേ കോളേജിലെ രണ്ടാം വര്‍ഷ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിയായ കാര്‍ത്തിക് പിടിയിലായി.
ക്ലാസ് കഴിഞ്ഞതിനു ശേഷം ബസ് കയറാനായി കോളേജ് റോഡിലൂടെ നടന്നുവരികയായിരുന്നു അക്ഷത. പിറകില്‍നിന്ന് ബൈക്കില്‍ വന്ന കാര്‍ത്തിക് അക്ഷതയെ ഏഴുപ്രാവശ്യം കുത്തിയതിനുശേഷം സ്വന്തം കൈത്തണ്ട മുറിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. ഇതിനിടെ നാട്ടുകാര്‍ പ്രതിയെ പിടികൂടി പൊലീസിലേല്‍പ്പിക്കുകയായിരുന്നു.
പെണ്‍കുട്ടിയെ നിരന്തരം ഫോണ്‍ചെയ്തും മൊബൈലില്‍ സന്ദേശമയച്ചും കാര്‍ത്തിക് ശല്യംചെയ്തിരുന്നു. തുടര്‍ന്നാല്‍ പ്രിന്‍സിപ്പലിന് പരാതിനല്‍കുമെന്ന് പെണ്‍കുട്ടി പറഞ്ഞതില്‍ പ്രകോപിതനായാണ് കൃത്യം നടത്തിയതെന്ന് പോലീസ് പറഞ്ഞു.
.