കോട്ടയം: വിഎസ് ആദരണീയനായ നേതാവാണെന്നും തന്നെയും വിഎസിനെയും ജനങ്ങള്‍ക്കറിയാമെന്നും കെ.എം മാണി. മാണിയെ മുന്നണിയിലെടുക്കരുതെന്ന് ആവശ്യപ്പെട്ട് വിഎസ് കേന്ദ്രനേതൃത്വത്തിനയച്ച കത്തിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായാണ് മാണിയുടെ പ്രതികരണം. സിപിഎം സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനെ രാഷ്ട്രീയമായി കാണേണ്ടതില്ലെന്നും മാണി കൂട്ടിച്ചേര്‍ത്തു. സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന സെമിനാറില്‍ പങ്കെടുക്കാന്‍ മാണിക്ക് ക്ഷണം ലഭിച്ചിരുന്നു.
കഴിഞ്ഞ ദിവസമാണ് കേരള കോണ്‍ഗ്രസ്(എം)നെ മുന്നണിയില്‍ എടുക്കുന്നതിനെതിരെ വി.എസ്.അച്യുതാനന്ദന്, സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് കത്തയച്ചത്. മാണിയെ മുന്നണിയില്‍ എടുത്താല്‍ അത് പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുമെന്നും മാണിയോട് മൃദുസമീപനം സ്വീകരിക്കുന്നത് പാര്‍ട്ടിയുടെ വിശ്വാസ്യതയെ ബാധിക്കുമെന്നും വി.എസ് കത്തില്‍ പറഞ്ഞിരുന്നു.