തൃശ്ശൂര്‍: ഷുഹൈബ് കൊലപാതകക്കേസില്‍ കണ്ണൂര്‍ നേതൃത്വം സ്വീകരിച്ച നിലപാടിനെതിരെ വിമര്‍ശനവുമായി നേതാക്കള്‍. കണ്ണൂരിലെ കൊലപാതകം പാര്‍ട്ടിയുടെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിച്ചുവെന്നാണ് മുതിര്‍ന്ന നേതാക്കളുടെ അഭിപ്രായം. കൊലപാതകം സ്വാഭാവിക പ്രതികരണമാണെന്ന നിലപാടായിരുന്നു കണ്ണൂര്‍ ജില്ല നേതൃത്വത്തിന്റേത്. സിപിഎമ്മിനെതിരെ രാജ്യവ്യാപകമായി നടക്കുന്ന പ്രതികരണങ്ങള്‍ക്ക് ഷുഹൈബിന്റെ കൊലപാതകം ബലം പകരുന്നുവെന്നും നേതൃത്വം വിമര്‍ശിച്ചു.
സംസ്ഥാന സമ്മേളനം അടുത്ത സാഹചര്യത്തില്‍ നടത്തിയ ഈ കൊലപാതകം പാര്‍ട്ടിയെ കൂടുതല്‍ പ്രതിരോധത്തിലാക്കുകയാണ് ചെയ്തത്. കൊലപാതക രാഷ്ട്രിയത്തെ എതിര്‍ക്കുന്നതിനു പകരം, അനവസരത്തില്‍ നടത്തിയ കൊലപാതകമെന്ന മട്ടിലാണ് പല നേതാക്കളും ഷുഹൈബിന്റെ കൊലപാതകത്തെ വിമര്‍ശിച്ചത്.
വിഷയത്തില്‍ പി ജയരാജന് നടത്തിയ പ്രസ്താവനയോടും മുഖ്യമന്ത്രി പിണറായി വിജയന് അതൃപ്തി അറിയിച്ചു. പോലീസ് അന്വേഷണത്തില്‍ അല്ല, പാര്‍ട്ടി അന്വേഷണത്തിലാണ് വിശ്വാസം എന്നാണ് ജയരാജന് കഴിഞ്ഞ ദിവസം പറഞ്ഞത്. ഈ പ്രസ്താവനയോടാണ് പിണറായി അതൃപ്തി പ്രകടിപ്പിച്ചത്. സംസ്ഥാന സമ്മേളന വേദിയില്‍ വെച്ച് പിണറായി ഇക്കാര്യം നേരിട്ട് പി ജയരാജനെ അറിയിക്കുകയായിരുന്നു. കുറ്റവാളികളെ കണ്ടെത്തേണ്ട ചുമതല പാര്‍ട്ടിയുടേതല്ലെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പ്രതികരിച്ചു. ഇതോടെ കണ്ണൂരിലെ കൊലപാതകത്തെച്ചൊല്ലി പാര്‍ട്ടി രണ്ടു ചേരിയിലായ അവസ്ഥയാണ്.
അതേ സമയം അക്രമ രാഷ്ട്രീയം സി.പി.എമ്മിന്റെ നയമല്ലെന്ന് സീതാറാം യെച്ചൂരി പറഞ്ഞു. പക്ഷേ തങ്ങളുടെ പ്രവര്‍ത്തകരെ ആക്രമിച്ചാല്‍ പ്രതിരോധിക്കും. തെറ്റ് പറ്റിയിട്ടുണ്ടെങ്കില്‍ പാര്‍ട്ടി തിരുത്തുമെന്നും തൃശ്ശൂരിലെ സി.പി.എം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് യെച്ചൂരി പറഞ്ഞു.