അനുദിനം വളരുന്ന സാങ്കേതിക വിദ്യകൾ നമ്മുടെ ജീവിത സാഹചര്യങ്ങൾ തന്നെ മാറ്റിമറിക്കുന്നു . സൈബർ കുറ്റകൃത്യങ്ങൾ വർദ്ധിച്ചുവരുന്ന ഈ പുതിയലോകത്ത് സൈബർ സുരക്ഷയ്ക്ക് അതീവ പ്രാധാന്യമാണുള്ളത് .ഇത്തരം കുറ്റകൃത്യങ്ങൾ തടയുന്നതിനും ഈ മേഖലയിൽ ഗവേഷണ പദ്ധതികൾ നടപ്പിലാക്കുന്നതിനുമായി കേരളാ പോലീസ് രൂപീകരിച്ച സൈബർ ഡോമിന്റെ പ്രവർത്തനങ്ങളെക്കുറിച്ചാണ് ജനക്ഷേമം പരിശോധിക്കുന്നത്.സൈബർ ഡോം നേരിടുന്ന പ്രധാനവെല്ലുവിളിയാണ് ബാങ്കിങ് മേഖലയിലെ സാമ്പത്തിക തട്ടിപ്പുകൾ.എടിഎം , ക്രെഡിറ്റ് കാർഡ് ,ഇന്റർനെറ്റ് ബാങ്കിങ് എന്നിവയുമായി ബന്ധപ്പെട്ട തട്ടിപ്പുകൾ സംബന്ധിച്ച് ഉടനടി പരാതിപ്പെട്ടാൽ പണംനഷ്ടമാകാതെ നോക്കാനാകും.
നമ്മുടെ ഭരണ സംവിധാനം ഇന്റർനെറ്റ് അധിഷ്ഠിതമായതോടെ സൈബർ സുരക്ഷ എന്നാൽ അത് രാജ്യത്തിന്റെ സുരക്ഷ കൂടിയായി മാറിയിരിക്കുന്നു .തന്ത്രപ്രധാനമായ വെബ്സൈറ്റുകൾ തകർത്തു കൊണ്ടുള്ള സൈബർ ആക്രമണങ്ങൾ പ്രതിരോധിക്കുക എന്നത് ഏറെ ശ്രമകരമായ ദൗത്യം തന്നെയാണ്.ഇന്ന് കമ്പ്യൂട്ടറുകളെക്കാൾ മൊബൈൽ ഫോണുകളിലൂടെയാണ് സൈബർ കുറ്റകൃത്യങ്ങളിലേറെയും നടക്കുന്നത്.മൊബൈൽ ഫോൺ മോഷണം തടയുന്നതിനും ബ്ലൂവെയിൽ പോലുള്ള അപകടകരമായ ഗെയിമുകളെക്കുറിച്ചു സമൂഹത്തെ ബോധവത്കരിക്കുന്നതിനും ,സൈബർഡോം വിവിധ പദ്ധതികൾ നടപ്പിലാക്കിവരുന്നു .
ഡിജിറ്റൽ ഇന്ത്യ എന്ന ലക്ഷ്യത്തോടു നാം അടുക്കുമ്പോൾ സൈബർ ലോകത്തെ നിയമലംഘനങ്ങൾക്കെതിരെ വരുംനാളുകളിൽ നാം കൂടുതൽ ജാഗ്രത കാണിക്കണം .ഐടി ആക്ടിലെ പഴുതുകൾ അടച്ചുകൊണ്ട് നിയമം കൂടുതൽ കർക്കശമാക്കുകയും വേണം.