മൊഗാദിഷു: സൊമാലിയന്‍ തലസ്ഥാനമായ മൊഗാദിഷുവില്‍ നടന്ന രണ്ട് കാര്‍ ബോംബ് സ്ഫോടനങ്ങളിലായി 18 പേര് കൊല്ലപ്പെട്ടു. 20പേര്‍ക്ക് സംഭവത്തില്‍ പരിക്കേറ്റിട്ടുണ്ട്. ഇസ്ലാമിക് തീവ്രവാദ സംഘടനയായ അല്‍-ഷബാബ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്.
പ്രസിഡന്റിന്റെ വസതിക്കു സമീപമായിരുന്നു ആദ്യത്തെ സ്ഫോടനം. സൈനിക അതിര്‍ത്തി ലംഘിച്ചെത്തിയ ഭീകരര്‍ ചെക്പോസ്റ്റിനു സമീപത്തു വച്ച് സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ക്കു നേരെ വെടിയുതിര്‍ത്ത ശേഷമാണ് ബോംബ് സ്ഫോടനം നടത്തിയത്. ഒരു ഹോട്ടലിനു മുന്നില്‍ കാര്‍ പാര്‍ക്ക് ചെയ്ത ശേഷമായിരുന്നു രണ്ടാമത്തെ സ്ഫോടനം. ആക്രമണം തടയുന്നതിനിടയിലാണ് അഞ്ച് ഗണ്മാന്മാര് വെടിയേറ്റ് മരിക്കുന്നത്. മൊഗാദിഷുവില്‍ മുന്‍പു നടന്ന ആക്രമണങ്ങളുടെ ഉത്തരവാദിത്തവും അല്‍-ഷബാബ് ഏറ്റെടുത്തിട്ടുണ്ട്.
ഒക്ടോബറില്‍ മൊഗാദിഷുവില്‍ ട്രക്ക് പൊട്ടിത്തെറിച്ച് നടന്ന ആക്രമണത്തില്‍ 500 പേര് കൊല്ലപ്പെട്ടിരുന്നു. രാജ്യം കണ്ട ഏറ്റവും വലിയ അപകടമായിരുന്നു ഇത്. എന്നാല്‍ ഇതിന്റെ ഉത്തരവാദിത്തം അല്‍-ഷബാബ് ഏറ്റെടുത്തിട്ടില്ല.