ദുബായ് : നടി ശ്രീദേവിയുടെ മരണം സംബന്ധിച്ച കൂടുതൽ വിവരങ്ങള്‍ പുറത്ത്. ദുബായില്‍ വച്ച് ഹൃദയസ്തംഭനം വന്ന് ശ്രീദേവി മരിച്ചു എന്നാണ് കുടുംബാംഗങ്ങള്‍ ആദ്യം അറിയിച്ചിരുന്നത്.
എന്നാല്‍, ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്ത അനുസരിച്ച് ശ്രീദേവിയുടെ മരണകാരണം ഹൃദയസ്തംഭനമല്ല ,മറിച്ച് താമസിച്ചിരുന്ന ദുബായ് എമിറേറ്റ്സ് ടവർ ഹോട്ടലിലെ ബാത്ത്റൂമില്‍ കുഴഞ്ഞുവീണാണ് ശ്രീദേവി മരിച്ചത് എന്നാണ് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
പോസ്റ്റ് മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ ഇതു സംബന്ധിച്ച സ്ഥിരീകരണമുണ്ടാകൂ.മൃതദേഹം ഇപ്പോള്‍ അല്‍ ഖ്വാസെയ്സ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
മൃതദേഹം വിട്ടുകിട്ടാനുള്ള നടപടികൾക്ക് ഇന്ത്യൻ കോൺസുലേറ്റാണു നേതൃത്വം നൽകുന്നത്. നടപടികൾ പൂര്‍ത്തിയാക്കിയ ശേഷം എംബാം ചെയ്ത മൃതദേഹം മുംബൈയിലേക്കു കൊണ്ടുപോകും.
ബർ ദുബായ് സ്റ്റേഷനിലെ പബ്ലിക് പ്രോസിക്യൂട്ടറുടെ നേതൃത്വത്തിലാണ് നടപടികൾ പൂർത്തീകരിക്കുന്നത്.സ്വകാര്യ ജെറ്റ് വിമാനത്തിലാണ് ശ്രീദേവിയുടെ മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടുവരുന്നത്.
ശ്രീദേവിയുടെ മരണം സംബന്ധിച്ച് ബര് ദുബായ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
അതിനിടെ ശ്രീദേവിക്ക് ഇതുവരെ ഹൃദയസംബന്ധമായ ഒരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ലെന്ന് പറഞ്ഞ് ബോണി കപൂറിന്റെ സഹോദരന് സഞ്ജയ് കപൂര്‍ പ്രസ്താവിച്ചു.
.