കൊച്ചി: ഷുഹൈബ് കൊലപാതകക്കേസില്‍ സര്‍ക്കാരിനും പോലീസിനും ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. കൊലപാതകം നടത്തിയ ആയുധം കണ്ടെത്താന്‍ കഴിയാത്തത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു. കോടതിയുടെ മുന്നിലിരിക്കുന്ന ഫയലില്‍ ഒരു മനുഷ്യനെ വെട്ടി നുറുക്കിയ ചിത്രങ്ങളാണ് ഉള്ളത്, ഇത് സര്‍ക്കാര്‍ കാണുന്നില്ലേയെന്നും കോടതി ആരാഞ്ഞു. പോലീസില്‍ ചാരന്മാരുണ്ടെന്ന കണ്ണൂര്‍ എസ്പിയുടെ പരാമര്‍ശവും കോടതി ചൂണ്ടിക്കാണിച്ചു. ഷുഹൈബിന്റെ കൊലപാതകത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കള്‍ നല്കിയ ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ വിമര്‍ശനം. കേസ് ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.
ജില്ലാ നേതാക്കള്‍ക്ക് കൊലപാതകത്തില്‍ പങ്കുണ്ടെന്നും രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു. അന്വേഷണ വിവരങ്ങള്‍ ചോരുന്നത് തെളിവ് ശേഖരണത്തിനും അറസ്റ്റിനും തടസമാണെന്നും നിലവിലെ അന്വേഷണം തൃപ്തികരമല്ലെന്നും ഇവര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു.