പാലക്കാട്: വനവാസി യുവാവ് മധുവിന്റെ കൊലപാതകത്തില്‍ സംസ്ഥാന സര്‍ക്കാരിനുളള കുറ്റകരമായ പങ്കില്‍ പ്രതിഷേധിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ 24 മണിക്കൂര്‍ ഉപവാസം തുടങ്ങി. സെക്രട്ടറിയേറ്റിനു മുന്നിലെ ഉപവാസം പട്ടിക വര്‍ഗ്ഗമോര്‍ച്ച അഖിലേന്ത്യ പ്രസിഡന്റും ഛത്തീസ്ഗഡ് മുന്‍ ആഭ്യന്തരമന്ത്രിയുമായ റാം വിചാര്‍ നേതാം എംപി ഉദ്ഘാടനം ചെയ്തു.
മധുവിന്റെ കുടുംബത്തിന് സര്‍ക്കാര്‍ ജോലി നല്‍കുക, ആദിവാസികള്‍ക്ക് അനുവദിച്ച ഫണ്ടുകളെ സംബന്ധിച്ച് ധവള പത്രം ഇറക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ഉപവാസം. ഒ.രാജഗോപാല്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ നേതാക്കള്‍ കൈകള്‍ കൂട്ടിക്കെട്ടിനിന്ന് മധുവിന് ആദരാജ്ഞലി അര്‍പ്പിച്ച ശേഷമാണ് ഉപവാസം ആരംഭിച്ചത്.
കോടിക്കണക്കിന് രുപയാണ് ആദിവാസി ക്ഷേമത്തിന് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നത്. കേരളം പേരുകേട്ട സംസ്ഥാനമാണെങ്കിലും ഭരണാധികാരികളുടെ പിടിപ്പുകേടു കാരണം വിശന്ന് വലഞ്ഞ് അരിയെടുത്തവനെ അടിച്ചു കൊല്ലുന്ന അവസ്ഥയിലേക്കെത്തിയെന്നും റാംവിചാര്‍ നേതാം പറഞ്ഞു.