ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഐ.എസ് സാന്നിദ്ധ്യം ശരിവച്ച് ജമ്മു കശ്മീര്‍ പോലീസ് മേധാവി എസ്.പി. വൈദ്. ആദ്യമായാണ് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ സാന്നിധ്യം കശ്മീരില്‍ പോലീസ് സ്ഥിരീകരിക്കുന്നത്. കഴിഞ്ഞ ദിവസം കശ്മീരില്‍ ഒരു പോലീസ് ഉദ്യോഗസ്ഥന് കൊല്ലപ്പെട്ടതിന്റെ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തിരുന്നു. ഐ.എസിന്റെ ഓണ്‍ലൈന്‍ സൈറ്റായ അമാഖിലൂടെയാണ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുക്കുന്നത്. ഇതിന് പിന്നാലെയാണ് സംസ്ഥാനത്ത് ഐ.എസ് ഭീകരരുടെ സാന്നിധ്യം പോലീസ് സ്ഥിരീകരിക്കുന്നത്.
സംഘടനയുടെ സാന്നിധ്യമുണ്ടെങ്കിലും ഐ.എസിന് സംസ്ഥാനത്ത് ഏകീകൃത രൂപമില്ലെന്ന് പോലീസ് പറയുന്നു.പലപ്പോഴും നിരപരാധികളായ പോലീസുകാരാണ് ഇവരുടെ ക്രൂരതക്ക് വിലനല്‍കേണ്ടി വരുന്നത്. യുവാക്കള്‍ക്കിടയില്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ സ്വാധീനം വളരുന്നത് തടയാന്‍ ജനങ്ങളുമായി നിരന്തരം സംവാദത്തിലേര്പ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
ഭീകരവാദികളായ യുവാക്കള്‍ കൊല്ലപ്പെടുമ്പോള്‍ ഇസ്ലാമിക സ്റ്റേറ്റിന്റെ പതാക ഉയര്‍ത്തുന്നതും റാലികളിലും പ്രകടനങ്ങളിലും ഇവ വീശുന്നതും വാര്‍ത്തകളായി പുറത്തു വന്നിരുന്നു. എന്നാല്‍ ഒരു ഘട്ടത്തിലും പോലീസ് ഐ.എസ് സാന്നിദ്ധ്യം സ്ഥിരീകരിച്ചിരുന്നില്ല.