കൊച്ചി: വനവാസി യുവാവ് മധു കൊല്ലപ്പെട്ട സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുക്കും. മധുവിന്റെ കൊലപാതകത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ജസ്റ്റിസ് സുരേന്ദ്രമോഹന്‍ നല്കിയ കത്ത് പരിഗണിച്ചാണ് ചീഫ് ജസ്റ്റിസ് ഇതു സംബന്ധിച്ച് നിര്‍ദേശം നല്‍കിയത്.
ഭക്ഷണം മോഷ്ടിച്ചുവെന്ന് ആരോപിച്ച് യുവാവിനെ കൊന്ന സംഭവം അത്യന്തം ദാരുണവും മനുഷ്യത്വരഹിതവുമാണെന്ന് കത്തില്‍ പറയുന്നു. സാക്ഷരതയുടെ പേരില്‍ അഭിമാനിക്കുന്ന മലയാളികള്‍ക്ക് നാണക്കേടാണ് ഈ സംഭവം. ആദിവാസികള്‍ക്കായി നിരവധി ക്ഷേമപദ്ധതികള്‍ നടപ്പാക്കുന്നുണ്ട്. എന്നിട്ടും ഒരു നേരത്തെ ഭക്ഷണത്തിനായി യുവാവിന് ഭക്ഷണം മോഷ്ടിക്കേണ്ടി വന്നെങ്കില്‍ അത് സര്‍ക്കാര്‍ പദ്ധതികളുടെ പരാജയമാണ് കാണിക്കുന്നതെന്ന് ജസ്റ്റിസ് സുരേന്ദ്രമോഹന്‍ നല്കിയ കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
കത്ത് പൊതുതാല്പര്യഹര്ജിയായി പരിഗണിച്ച് കേസെടുക്കാനാണ് ചീഫ് ജസ്റ്റിസ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.