മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് ഹര്‍ത്താലിനോടനുബന്ധിച്ച് കരുതല്‍ തടങ്കലില്‍ വെച്ചവരെ പൊലീസ് സ്റ്റേഷനില്‍ നിന്നും ബലം പ്രയോഗിച്ച് ഇറക്കി കൊണ്ടുപോയ സംഭവത്തില്‍ 50 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. യൂത്ത് ലീഗ് മണ്ഡലം പ്രസിഡണ്ട് റിയാസ് നാലകത്തിനെ ഒന്നാം പ്രതിയാക്കിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
പൊലീസ് സ്റ്റേഷനില്‍ അതിക്രമിച്ചു കയറുക, ജോലി തടസ്സപ്പെടുത്തുക, പൊലീസുകാരനെ അക്രമിച്ച് പരിക്കേല്‍പ്പിക്കുക തുടങ്ങി ജാമ്യമില്ലാ വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കേസില്‍ 25 പേരെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. ഹര്‍ത്താലിനോടനുബന്ധിച്ച് മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ നടത്തിയ അതിക്രമത്തില്‍ യുഡിഎഫ് നേതാക്കള്‍ക്കിടയില്‍ കടുത്ത അതൃപ്തിയാണുള്ളത്. സംഭവത്തെ കെപിസിസി പ്രസിഡണ്ട് എം എം ഹസന് കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരുന്നു.
ദേശീയപാതയില്‍ മാധ്യമ സ്ഥാപനത്തിന്റെ വാഹനം തടഞ്ഞുനിര്‍ത്തി തല്ലി തകര്‍ത്ത സംഭവത്തിലും റിയാസ് നാലകത്ത് ഉള്‍പ്പടെ 15 പേര് പ്രതികളാണ്. ഹര്‍ത്താലിനോടനുബന്ധിച്ച് പാലക്കാട് കോഴിക്കോട് ദേശീയപാതയിലെ കല്ലടിക്കോട് മേഖലയില്‍ പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ തടഞ്ഞിട്ട് അതിക്രമങ്ങള്‍ കാണിച്ചതില്‍ സംസ്ഥാന ലീഗ് നേതൃത്വവും കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്നു.