മലപ്പുറം: കേരള കോണ്‍ഗ്രസ് എമ്മിനെ മുന്നണിയിലേക്ക് സ്വീകരിക്കാന്‍ തയാറെടുക്കുന്ന സിപിഎമ്മിനെ പ്രതിരോധത്തിലാക്കി സിപിഐ ദേശീയ നേതൃത്വം. മുന്‍ ധനമന്ത്രി കൂടിയായ കെ.എം.മാണി അഴിമതിക്കാരന് തന്നെയാണെന്ന് സിപിഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി പറഞ്ഞു. കോണ്ഗ്രസിനോളും വലിയ അഴിമതിക്കാരല്ല കേരള കോണ്‍ഗ്രസ് എന്ന കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അഴിമതിക്ക് വലിപ്പ ചെറുപ്പങ്ങളില്ലെന്ന് സുധാകര്‍ റെഡ്ഡി ഓര്‍മിപ്പിച്ചു. എന്നാല്‍ പ്രാദേശിക തലത്തില്‍ കോണ്‍ഗ്രസിനോട് അടുക്കുന്നതില്‍ പ്രശ്നങ്ങളില്ലെന്നും റെഡ്ഡി അഭിപ്രായപ്പെട്ടു.