പിറവം: ഫേസ്ബുക്കില്‍ പ്രചരിച്ച വിവാദ പോസ്റ്റിനെക്കുറിച്ച് പ്രതികരിച്ചതിന് പട്ടികജാതി വിദ്യാര്‍ത്ഥിനിയുടെ കുടുംബത്തിന് സിപിഎമ്മുകാരുടെ വധഭീഷണി. മണീട് പഞ്ചായത്തിലെ കാരൂര്‍ കാവില്‍ വാടകയ്ക്ക് താമസിക്കുന്ന സ്ഥലത്തെത്തിയാണ് വിദ്യാര്‍ത്ഥിനിയുടെ കുടുംബത്തെ ഭീഷണിപ്പെടുത്തിയത്.
ഹൈന്ദവരുടെ ആര്ത്തവവിശ്വാസങ്ങള് തെറ്റാണെന്നും ആര്‍ത്തവകാലത്ത് സ്ത്രീകള്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശിക്കാമെന്നുള്ള ഫേസ്ബുക്ക് പോസ്റ്റിനെതിരെ എബിവിപി പ്രവര്‍ത്തക കൂടിയായ വിദ്യാര്‍ത്ഥിനി പ്രതികരിച്ചതാണ് സിപിഎമ്മുകാരെ ചൊടിപ്പിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ വിദ്യാര്‍ത്ഥിനിയുടെ വീടിനുമുന്നില്‍ ബൈക്കില്‍ എത്തിയ സംഘം അസഭ്യം വിളിക്കുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നു. സമൂഹ മാദ്ധ്യമങ്ങളിലൂടെയും ഇവര്‍ പെണ്ടകുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു. വിദ്യാര്‍ത്ഥിനിയുടെ സഹോദരനെ കൊല്ലുമെന്നും ഇവര്‍ ഭീഷണിപ്പെടുത്തുകയുണ്ടായി.
ഭീഷണി മൂലം വീടിന് പുറത്തിറങ്ങാന്‍ കഴിയാതെ വന്നതോടെ കോളേജ് വിദ്യാര്‍ത്ഥിനിയുടെ കഴിഞ്ഞ ദിവസത്തെ പരീക്ഷയും മുടങ്ങിയിരുന്നു. സംഭവത്തില്‍ കാരൂര്‍കാവ്, പേപ്പതി തുടങ്ങിയ സ്ഥലങ്ങളിലുള്ള സിപിഎം, ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ ബിജു, ശരത്കൃഷ്ണന്, അനന്തു. പി ഇന്ദു, ജിത്തു റ്റി.എ എന്നിവര്‍ക്കെതിരെ പെണ്‍കുട്ടി പിറവം സിഐക്ക് പരാതി നല്കി.
പട്ടികജാതി കുടുംബത്തിനെതിരെ വധഭീഷണി മുഴക്കിയ സിപിഎമ്മുകാര്‍ക്കെതിരെ പോലീസ് നടപടി സ്വീകരിക്കണമെന്ന് പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിച്ച ബിജെപി പിറവം നിയോജകമണ്ഡലം പ്രസിഡന്റ് എം.എസ്. ശ്രീകുമാര്‍, ജില്ലാ സമതിയംഗം ഷീജ പരമേശ്വരന് തുടങ്ങിയവര്‍ ആവശ്യപ്പെട്ടു.