കണ്ണൂർ: കണ്ണൂർ ചെറുപുഴയിൽ സ്കൂൾ വിദ്യാർഥികൾക്കിടയിലേക്ക് പിക്കപ്പ് വാൻ പാഞ്ഞു കയറി വിദ്യാർഥിനി മരിച്ചു. അഞ്ച് പേർക്ക് പരിക്കേറ്റു. ചെറുപുഴ സെന്റ് ജോസഫ് ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥിനി ദേവനന്ദ രതീഷാണ് മരിച്ചത്. പരിക്കേറ്റ കുട്ടികളെ പരിയാരം മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചു.
പരീക്ഷ കഴിഞ്ഞ് നടന്നു വരുകയായിരുന്ന ചെറുപുഴ സെന്റ് ജോസഫ് ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർഥിനികൾക്കിടയിലേക്കാണ് നിയന്ത്രണം വിട്ട വാൻ പാഞ്ഞുകയറിയത്.
വഴിയരികിൽ നിർത്തിയിട്ട മറ്റൊരു വാഹനം ഇടിച്ച് തെറിപ്പിച്ചശേഷം വിദ്യാർഥിനികളെ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പെരിങ്ങോം സ്വദേശി ഏഴാംക്ലാസ് വിദ്യാർഥിനിയായ ദേവനന്ദ രതീഷിനെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു.
ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. അപകടം വരുത്തിയ വാഹനം കസ്റ്റഡിയിലെടുത്ത പൊലീസ് ഡ്രൈവർ വളപട്ടണം സ്വദേശി അബ്ദുൾ കരീമിനെ അറസ്റ്റ് ചെയ്തു.