മലപ്പുറം: മലപ്പുറത്തു തുടരുന്ന സിപിഐ സംസ്ഥാന സമ്മേളനത്തില്‍ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന് പങ്കെടുക്കും. ഉച്ചയ്ക്കു മൂന്നിനു ശേഷം നടക്കുന്ന ‘ഇടതുപക്ഷം പ്രതീക്ഷയും സാധ്യതകളും’ എന്ന വിഷയത്തില്‍ നടക്കുന്ന ചര്‍ച്ച മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. എം.പി. വീരേന്ദ്രകുമാര്‍, മന്ത്രി എ.കെ. ശശീന്ദ്രന് തുടങ്ങിയവര്‍ പങ്കെടുക്കും.
സമ്മേളനത്തില്‍ ഇന്നലെ പാര്‍ട്ടി സെക്രട്ടറി കാനം രാജേന്ദ്രന് അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്ട്ടിന്മേലുള്ള പൊതുചര്‍ച്ചയും ഇന്ന് ആരംഭിക്കും. രാവിലെ പത്ത് മുതല്‍ ചര്‍ച്ച തുടങ്ങും. സര്‍ക്കാരിനെതിരെയും സിപിഎമ്മിനെതിരെയും പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. അതേ സമയം പാര്‍ട്ടിയുടെ കേന്ദ്ര എക്സിക്യൂട്ടീവ് അംഗം കെ.ഇ. ഇസ്മയിലിനെതിരെയുള്ള വിമര്‍ശനങ്ങളില്‍ ചേരി തിരിഞ്ഞുള്ള തര്ക്കങ്ങളുമുണ്ടായേക്കും. സമ്മേളനം ഞായറാഴ്ച സമാപിക്കും.