പാലക്കാട്: അട്ടപ്പാടിയില്‍ കൊല ചെയ്യപ്പെട്ട വനവാസി യുവാവ് മധുവിന്റെ വീട് മുഖ്യമന്ത്രി പിണറായി വിജയന് സന്ദര്‍ശിച്ചു. മധുവിന്റെ മരണത്തില്‍ അന്വേഷണം കുറ്റമറ്റതാകുമെന്നും, പ്രതികള്‍ക്ക് എതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി മധുവിന്റെ കുടുംബത്തിന് ഉറപ്പ് നല്കി.
ഇന്ന് രാവിലെയാണ് പിണറായി വിജയന് അട്ടപ്പാടി ചിണ്ടക്കി ഊരില്‍ എത്തി മധുവിന്റെ കുടുംബത്തെ സന്ദര്‍ശിച്ചത്. സോഷ്യല്‍ മീഡിയ വഴി മധുവിനെതിരെ നടക്കുന്ന വ്യാജ പ്രചരണങ്ങള്‍ അവസാനിപ്പിക്കാന്‍ നടപടി എടുക്കണമെന്നും മേഖലയില്‍ അലഞ്ഞു നടക്കുന്ന മാനസിക ആരോഗ്യ പ്രശ്നമുള്ളവരെ സംരക്ഷിക്കണമെന്നും മധുവിന്റെ അമ്മ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
മധുവിന്റെ കുടുംബത്തിനെ സന്ദര്‍ശിച്ച ശേഷം അട്ടപ്പാടി മുക്കാലിയില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. വനവാസി ജന വിഭാഗങ്ങള്‍ക്കുള്ള ഭക്ഷ്യ ചുമതല സപ്ലൈക്കോയെ ഏല്‍പ്പിക്കുമെന്നും, വനവാസികള്‍ക്ക് 200 ദിവസം തൊഴില്‍ ഉറപ്പ് വരുത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. വനവാസി മേഖലകളില്‍ കമ്മ്യൂണിറ്റി കിച്ചണ്‍ പ്രവര്‍ത്തനം കാര്യക്ഷമമാക്കാനും അട്ടപ്പാടിയിലെ 42 ഊരുകളില്‍ ട്രൈബല്‍ പ്രമോട്ടര്‍മാരെ നിയമിക്കാനും യോഗത്തില്‍ തീരുമാനമായി.