ഷില്ലോങ്ങ്: മേഘാലയിൽ മാർച്ച് ആറിന് എൻഡിഎ സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. എൻപിപി നേതാവ് കോണ്‍റാഡ് സാങ്മ മുഖ്യമന്ത്രിയാകും. ആറാം തീയതി രാവിലെ 10.30ന് ആണ് പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞ. എൻഡിഎയ്ക്ക് പിന്തുണ നൽകുന്ന എംഎൽഎമാർ ഗവർണറുമായി കൂടിക്കാഴ്ച നടത്തി.
17 സീറ്റുള്ള നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിയും (എന്‍.പി.പി) 6 സീറ്റുകളുള്ള യുഡിപിയും ഒരു സ്വതന്ത്ര എംഎല്‍എയും എൻഡിഎയ്ക്ക് പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇത് കൂടാതെ രണ്ട് പ്രാദേശിക പാര്‍ട്ടികളുടെ പിന്തുണ കൂടി മുന്നണിയ്ക്ക് ലഭിക്കും. ബിജെപിയ്ക്ക് രണ്ട് സീറ്റുകളാണുള്ളത്.
21 അംഗങ്ങളാണ് കോൺഗ്രസിനുള്ളത്. അതിനാൽ ഏറ്റവും വലിയ ഒറ്റകക്ഷി എന്ന നിലയിൽ സർക്കാർ രൂപീകരിക്കുന്നതിന് കോൺഗ്രസ് നേതാക്കൾ ഗവർണറെ കണ്ടുവെങ്കിലും ഭൂരിപക്ഷം തെളിയിക്കാനായില്ല.
60 അംഗ നിയമസഭയിൽ 59 സീറ്റുകളിലാണ് തെരഞ്ഞെടുപ്പ് നടന്നത്.